27 September, 2025 12:00:05 PM


ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റിൽ



തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ അമ്മ അറസ്റ്റിൽ.
ഇന്നലെ രാത്രി തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണിത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.

ജനുവരി 27-നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമായിരുന്നു പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നത്. ശ്രീതുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് ഹരികുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വാട്സാപ്പ് ചാറ്റ് ഉൾപ്പെടെ പരിശോധിച്ചിരുന്നു. ഇരുവരും തമ്മിൽ മറ്റൊരു തരത്തിൽ ബന്ധമുണ്ടായിരുന്നുവെന്നും ഇതിന് കുട്ടി തടസമായേക്കാമെന്ന കാരണത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിന്റെ നിഗമനം.

അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ദേവേന്ദുവിനെ പുലർച്ചെ കാണാതായെന്നാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്ന് എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്നായിരുന്നു പൊലീസിൻ്റെ കണ്ടെത്തൽ.

പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതുവിനെ അറസ്റ്റ് ചെയിതിരുന്നു. പത്ത് പരാതികളാണ് ശ്രീതുവിനെതിരെ പരാതി ലഭിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ദേവസ്വം ബോർഡിൽ താന്‍ സെക്ഷൻ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ പരാതിക്കാരൻ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നൽകി പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K