30 September, 2025 04:42:28 PM


ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല, സത്യം പുറത്ത് വരും- മൗനം വെടിഞ്ഞ് നടൻ വിജയ്



ചെന്നൈ: തമിഴക വെട്രി കഴകം റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്‍പ്പത്തിയൊന്ന് പേര്‍ മരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശവുമായി നടന്‍ വിജയ്. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു വിജയ് വീഡിയോ സന്ദേശം പങ്കുവെച്ചത്.

'നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകൾക്ക് ദുരിതം ബാധിക്കുമ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി. നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരിൽ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങൾക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാർട്ടി പ്രവർത്തകർക്കും സമൂഹമാധ്യമങ്ങളിൽ സംസാരിച്ചവർക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. എന്റെ പ്രവർത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്', വിജയ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K