09 October, 2025 07:15:40 PM
ഏറ്റുമാനൂർ ക്ഷേത്രം കൊള്ളക്കാരുടെ ഡ്രൈവിംഗ് സ്കൂൾ : ഫേസ്ബുക് കുറിപ്പ്

കോട്ടയം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉൾപ്പെട്ട ജീവനക്കാരുമായി ബന്ധപ്പെട്ട് കൂടുതൽ അഴിമതി ആരോപണങ്ങൾ. സസ്പെൻഷനിലായ മുരാരി ബാബു ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലും തട്ടിപ്പിന് നേതൃത്വം നൽകിയെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അഴിമതി അഭ്യസിക്കാനുള്ള കളരി ആണ് ഏറ്റുമാനൂർ എന്ന രീതിയിൽ ചർച്ചകൾ കൊഴുക്കുകയാണ്.
മുരാരി ബാബു ഉൾപ്പെടെയുള്ള ദേവസ്വം ജീവനക്കാർ കൊള്ളയിൽ ബിരുദവും മാസ്റ്റർ ബിരുദവും എടുക്കുന്നത് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നാണെന്ന ഒരു ഭക്തന്റെ ഫേസ്ബുക് കുറിപ്പ് ഇപ്പോൾ ചർച്ച ആകുകയാണ്. ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടക്കുന്ന അഴിമതിയുടെ നേർചിത്രം വരച്ചുകാട്ടുന്നതാണ് കെ രാജഗോപാൽ എന്ന ഭക്തന്റെ ഫേസ്ബുക് കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം ചുവടെ.
ഏറ്റുമാനൂർ ക്ഷേത്രം
കൊള്ളക്കാരുടെ ഡ്രൈവിംഗ് സ്കൂളോ ...?
------------------------------
(ഒരു ഭക്തൻ്റെ ലക്ഷണമെന്താണ്? ഞാൻ പറയും : ' അവൻ നിർഭയനായിരിക്കണം. നട്ടെല്ലുണ്ടാവണം'.)
------------------------
ശബരിമല സ്വർണ്ണപ്പാളി ഏറ്റുമാനൂരിനെക്കുറിച്ചും ചിന്തിക്കാനുള്ള അവസരമുണ്ടാക്കിയിരിക്കുന്നു. ശരിക്കും ഏറ്റുമാനൂർ ക്ഷേത്രം കൊള്ളക്കാരും അഴിമതിക്കാരുമായ ദേവസ്വം ഉദ്യോഗസ്ഥരുടെ ഡ്രൈവിംഗ് സ്കൂളാണ്. ( ഭക്തിയും ആത്മാർത്ഥതയുമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെ ഞാൻ കാണാതിരിക്കുന്നില്ല). മുരാരി ബാബു വൊക്കെ കൊള്ളയുടെ ബാലപാഠം തൊട്ട് ഉന്നത ബിരുദം വരെ നേടിയത് ഏറ്റുമാനൂരിൽ വച്ചാണ് ( ഈ നാടിന് ഇതിൽപ്പരം നാണക്കേട് മറ്റെന്ത്?). കാരണം ഇവിടെ ദൈനംദിന വഴിപാടുകൾ തൊട്ട് തിരുവുത്സവം വരെ കോടികൾ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരായി എത്തുന്നവർക്ക് അടിച്ചു മാറ്റാനുള്ള സൗകര്യമുണ്ട്. ഈ സിസ്റ്റം അങ്ങനെയാണ്. ( പിന്നാമ്പുറത്ത് കേൾക്കുന്നത് അവർ ലക്ഷങ്ങൾ മുടക്കിയും വൻ സ്വാധീനം ചെലുത്തിയുമാണ് ഇങ്ങോട്ട് നിയമനം നേടുന്നതെന്നാണ്). കൊള്ളയടിക്ക് അവർക്ക് സഹായം നല്കാൻ ഉണ്ണികൃഷ്ണൻ പോറ്റിമാരുടെ ഒരു പട തന്നെയുണ്ട് ഏറ്റുമാനൂരിൽ. അവരെ സമീപിച്ചാൽ മതി, എന്തും നടക്കും. ദേവസ്വം ബൈലോ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഉപദേശക സമിതികൾ ഇവിടെ വെറും നോക്കുകുത്തി. വല്ല തിരുവാതിര കളിt നടത്തുകയോ വിളക്കു തുടക്കുകയോ ഒക്കെ ചെയ്ത് അവർ കാലം കഴിച്ചോളണം.( ഇവയൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ്).
സിസ്റ്റം നോക്കൂ. തിരുവുത്സവ നടത്തിപ്പിന് തുച്ഛമായ തുക മാത്രമാണ് ദേവസ്വം ബോർഡ് അനുവദിക്കുന്നതെന്ന് പറയപ്പെടുന്നു. ബാക്കി മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ഈ സ്പോൺസർഷിപ്പ് ദേവസ്വം ഉദ്യോഗസ്ഥർക്ക് ഒരു ചാകരയാണ്. കാരണം ഒന്നിനും രസീത് വേണ്ട. ആരും വരവ്- ചെലവ് കണക്ക് ചോദിക്കില്ല. ശരിക്കും ഏറ്റുമാനൂരിലെ ഉത്സവം കുംഭമാസത്തിലെ കുംഭകോണമാണ്. സ്പോൺസർഷിപ്പിലെ കള്ളക്കളികൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ബഹു: ഹൈക്കോടതിയിലാണ് ഇനി ഏകപ്രതീക്ഷ.
ഏഴരപ്പൊന്നാനയുടെ കാര്യമെടുക്കൂ. ഇതിൽ പലതിനും പലതരത്തിലുള്ള
കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം കേടുപാടുകൾ സംഭവിച്ച വിഗ്രഹങ്ങളും മറ്റും എഴുന്നള്ളിക്കാൻ പാടില്ലെന്നാണ് വിധി. തന്ത്രിയും ഈ കേടുപാടുകൾ എത്രയും വേഗം പരിഹരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടതായി മനസ്സിലാക്കുന്നു. എന്നാൽ പുറത്തു കൊണ്ടുപോയേ ഇത്തരം തകരാറുകൾ പരിഹരിക്കൂ എന്നാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ വാശി. ക്ഷേത്രമതിൽക്കെട്ടിനകത്ത് വേണ്ടത്ര സുരക്ഷയൊരുക്കി ചെയ്യാവുന്ന കാര്യമേയുള്ളു. എന്നാൽ ഒരിക്കൽ പുറത്തു കൊണ്ടുപോവാനുള്ള ശ്രമം ഭക്തജനങ്ങൾ പരാജയപ്പെടുത്തിയതിലുള്ള വാശി തീർക്കാനാണെന്ന് തോന്നുന്നു ഏഴരപ്പൊന്നാനകൾ ഇപ്പോഴും അംഗവൈകല്യം ബാധിച്ചവരായി തുടരുന്നു.
ഏറ്റുമാനൂർ വൻ സ്വർണ്ണ ശേഖരമുണ്ടായിരുന്ന ഒരു ക്ഷേത്രമാണ്. സ്വർണ്ണത്തിൻ്റെ അടക്കാക്കുല, സ്വർണ്ണച്ചേന, സ്വർണ്ണ കലശക്കുടങ്ങൾ, സ്വർണ്ണ നാണയങ്ങൾ, സ്വർണ്ണാഭരണങ്ങളുടെ വൻശേഖരം എന്നിവയൊക്കെ ഈ ക്ഷേത്രത്തിൻ്റെ സ്വന്തമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കൂടാതെ ചരിത്രപരവും ഭക്തി പരവുമായ കാരണങ്ങളാൽ അമൂല്യങ്ങളായ വലംപിരി ശംഖ്, നെൽ മാണിക്യം, വെള്ളികൊണ്ടുള്ള ഋഷഭ വാഹനം, വെള്ളിയുടെ പൂജാപാത്രങ്ങൾ എന്നിവയും ഉണ്ടായിരുന്നുവത്രേ. ഇതിനൊക്കെ എന്തു സംഭവിച്ചോ ആവോ. സ്വർണ്ണ രുദ്രാക്ഷമാലക്ക് സംഭവിച്ചതോർക്കുമ്പോൾ മേൽപ്പറഞ്ഞവക്കും എന്ത് സംഭവിച്ചെന്ന് ഊഹിക്കാൻ വലിയ ബുദ്ധിമുട്ടില്ല.
മരാമത്ത് പണികളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പകൽക്കൊള്ളയാണ് മറ്റൊന്ന്. " വിദഗ്ദരായ" എഞ്ചിനീയർമാരും കോൺട്രാക്ടർമാരും 'പണിയും പൊളിക്കും, പണിയും പൊളിക്കും' ഇതാണ് ഏത് നിർമ്മിതിയുടേയും അവസ്ഥ. ചോരാത്ത ഒരു പാത്തി പോലും ഉണ്ടാക്കാനറിയാത്ത ഈ" വിദഗ്ദർ" വാട്ടർ ലെവൽ നോക്കി ഏതാനും സ്ക്വയർ ഫീറ്റുള്ള ഒരു തറയിൽ ടൈൽ പാകാനെങ്കിലും അറിഞ്ഞിരിക്കണ്ടേ? ഈയിടെ പുതുക്കിപ്പണിത കല്യാണമണ്ഡപത്തിൻ്റെ തറ നോക്കൂ. ഒരു ചെറു മഴ പെയ്താൽ പോലും അനേകം തടാകങ്ങളാണ് അവിടെ രൂപപ്പെടുന്നത്. കൊട്ടിഘോഷിച്ച് ഈയിടെ പണിത റാമ്പുകളുടെ അവസ്ഥയും തഥൈവ. അതിൽ അടിച്ചിരുന്ന പെയിൻ്റെല്ലാം പോയി ഇപ്പോൾ ചൊറി പിടിച്ച പോലെ കിടക്കുന്നു. കിഴക്കേ നടയിൽ ഗോപുരത്തിൻ്റെ പണി തുടങ്ങിയിട്ട് നാലു മാസമായി. ഇപ്പോഴും കുഴിയെടുത്ത് കഴിഞ്ഞട്ടില്ല. ഇവരും ഏറ്റുമാനൂരപ്പൻ്റെ ഭക്തരല്ലേ? സ്വന്തം വീട്ടിലാണെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ? അപ്പോൾ കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി, അല്ലേ?വിസ്താരഭയത്താൽ അധികം പറയുന്നില്ല.
പ്രിയ ഭക്തജനങ്ങളേ,
പ്രതികരിക്കാൻ ചങ്കൂറ്റമില്ലാത്തവർ ഒരു നാടിനും അലങ്കാരല്ല. അഘോരമൂർത്തിയുടെ മണ്ണിൽ ആണത്തമുള്ളവരുണ്ടെന്ന് തെളിയിക്കേണ്ട സന്ദർഭമാണിത്. നിങ്ങൾ തയ്യാറാണോ? കമൻ്റ് ബോക്സിൽ പ്രതികരിക്കൂ. അടുത്ത ഘട്ടം നമുക്കൊരുമിച്ച് തീരുമാനിക്കാം.
പ്രാർത്ഥനകളോടെ,
കെ.രാജഗോപാൽ