10 October, 2025 10:16:35 PM
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നൽകുന്നത് വ്യാജ പ്രസാദം; ഉണ്ടാക്കുന്നത് ബംഗാളികൾ

കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തേക്ക്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന പ്രസാദം ഉണ്ടാക്കുന്നത് ഒരു വാടകവീട്ടിൽ താമസിക്കുന്ന അന്യ സംസ്ഥാനതൊഴിലാളികൾ. അതും ഒരു ശുചിത്വവുമില്ലാതെ.
തിടപ്പള്ളിയിൽ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ വച്ച് ബംഗാളികളെ കൊണ്ട് നിർമിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഭക്തർ ആചാര ലംഘനം കൈയ്യോടെ പൊക്കുകയുമായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് ക്ഷേത്രത്തിനടുത്തുള്ള വാടക വീട്ടിൽ പരിശോധന നടത്തിയ നാട്ടുകാരും പോലീസും ക്ഷേത്രത്തിൽ ഭക്തർ വഴിപാടായി നൽകുന്ന നെയ് ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു. ഗണപതി ഹോമം നടക്കുമ്പോൾ ഹോമകുണ്ഡത്തിൽ നിന്നും ലഭിക്കുന്ന കരി ഭക്തർക്ക് നെറ്റിയിൽ തൊടാൻ പ്രസാദമായി നൽകുന്നത് പതിവാണ്. എന്നാൽ ഈ കരിയാണ് ഇവർ ഇവിടെ വ്യാജമായി നിർമ്മിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഒരു പാത്രത്തിലും ഭക്തർക്ക് നൽകാനായി ചെറിയ ഇലകളിലും തയ്യാറാക്കി വെച്ച കരി ഇവിടെ നിന്നും കണ്ടെത്തി. ക്ഷേത്രത്തിൽ വഴിപാടായി നൽകുന്ന നെയ്, എണ്ണ, ചന്ദന തിരികൾ തുടങ്ങിയ വസ്തുക്കൾ വിവിധ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ചിരിക്കുന്നതും കണ്ടെത്തി. ഈ നെയ്, അറക്കപ്പൊടി, ആസിഡ് എന്നിവ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് കരി ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ക്ഷേത്രം വകയെന്ന് കരുതുന്ന ആനചമയങ്ങളും ഇതര വസ്തുക്കളും ഇതോടൊപ്പം ഉണ്ടായിരുന്നു. ഒട്ടനവധി മദ്യകുപ്പികളും ഗ്ലാസുകളും ഉൾപ്പെടെ കൂടുതൽ പരിശോധനയിൽ ഈ പഴയ വീട്ടിൽ നിന്നും കണ്ടെത്തി. സ്ഥലത്ത് എത്തിയ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണറെ ഭക്തർ തടഞ്ഞുവച്ചു. ഭക്തർ സ്ഥലത്ത് എത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ വീട് പൂട്ടി പുറത്തേക്കോടി. കൊട്ടാരക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.