12 October, 2025 07:55:58 PM


ഓപ്പറേഷൻ നുംഖോർ; പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് ദുൽഖർ, കസ്റ്റംസിന് അപേക്ഷ നൽകി



കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകണമെന്നാണ് ആവശ്യം. ദുൽഖർ സൽമാന്റെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് അഭിഭാഷകൻ മുഖേന ദുൽഖർ അപേക്ഷ നൽകിയത്. ദുൽഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണൽ കമ്മീഷണർ പരിഗണിക്കും.

കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാൻ കഴിയും. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ദുൽഖർ ഉൾപ്പെടെ താരങ്ങളുടെ വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുൽഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയിൽ നിന്നുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938