02 February, 2026 07:41:43 PM
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്; കോതനല്ലൂർ ഇമ്മാനുവൽസ് സ്‌കൂളും പാമ്പാടി ആർ.ഐ.ടിയും ജേതാക്കൾ

കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായി മുന്നിൽ തെളിഞ്ഞപ്പോൾ ഉത്തരത്തിനായി അവർക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. പുരാതനകാലം, നവോത്ഥാനം, കല, സാഹിത്യം, സ്‌പോർട്, ഭാവി കേരളത്തിനായുള്ള പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം പുതു തലമുറയ്ക്കുള്ള അറിവു വിളിച്ചോതുന്നതായിരുന്നു ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ കേസിന്റെ കോട്ടയം ജില്ലാതല മത്സരങ്ങൾ.
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്,പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി കോട്ടയം ബി സി എം കോളജിലാണ് സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്.
സ്‌കൂൾ വിഭാഗത്തിൽ കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്.എസ്.എസിലെ പി. കാർത്തിക്, ശരൺ കെന്നഡി എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. ബ്രഹ്‌മമംഗലം വി.എച്ച്.എസ്.എസിലെ ടി. കെ. ആദിനാരായണൻ, ജൂണ ബൈജു എന്നിവരുടെ ടീമിനാണ് രണ്ടാം സ്ഥാനം. ജി. ശബരിനാഥ്, ജി. എസ്. ശിവാജി എന്നിവർ ഉൾപ്പെട്ട വൈക്കം എസ്.എം.എസ്.എൻ.എച്ച്.എസ്.എസ് ടീമിനാണ് മൂന്നാം സ്ഥാനം. ,
കോളജ് വിഭാഗത്തിൽ പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഭിജിത് മധു, നിർഭയ് ഡി. സുനിൽകുമാർ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. പള്ളം ബിഷപ്പ് സ്പീച്ച്ലി കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ അരുൺ സി. സാം, മരിയ ജോസി എന്നിവർ ഉൾപ്പെട്ട ടീമിനാണ് രണ്ടാം സ്ഥാനം. നമിത വിനോദ്, അശ്വതി ബാബു (എൻ.എസ്.എസ് ട്രെയിനിംഗ് കോളജ് ചങ്ങനാശേരി) എന്നിവർ മൂന്നാമതെത്തി.
ഡോ. ജി.കെ. ആഗ്‌നേയ് ക്വിസ് മാസ്റ്ററായിരുന്നു. പ്രാഥമിക മത്സരത്തിൽ വിജയിച്ച ആറ് ടീമുകളാണ് രണ്ട് വിഭാഗത്തിലും ഫൈനലിൽ ഇടം നേടിയത്. സ്‌കൂൾ വിഭാഗത്തിലെ വിജയികൾക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ശ്രീജിത്തും കോളേജ് വിഭാഗത്തിൽ കൊളീജിയറ്റ് എജ്യുക്കേഷൻ ഡെപൂട്ടി ഡയറക്ടർ ഡോ. കെ. മണിലാലും സമ്മാനങ്ങൾ നൽകി
.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഫിൽസി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.





