11 September, 2026 09:21:14 AM
ചങ്ങനാശേരിയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

ചങ്ങനാശ്ശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ കല്ലൂർക്കാട് മുട്ടത്തറ ചെമ്മരപ്പള്ളി വീട്ടിൽ ജോർജിന്റെ മകൻ ജെൻസൺ (31) പിടിയിൽ. ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽഎസ് ഹ്യൂമൻ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വിദേശ ജോലിക്കായി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വിസ തയ്യാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്.
2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെ ഒന്നാം പ്രതി നേരിട്ടും മറ്റ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കുമായി വിവിധ ഘട്ടങ്ങളിലായി ഒരു കോടി എഴുപത്തിമൂവായിരത്തി മുന്നൂറ് രൂപ കൈപ്പറ്റിയെന്നാണ് പരാതി. പണം കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
കേരളത്തിൽ അവധിക്ക് എത്തിയ പ്രതി അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം പിടിയിലായി. തുടർന്ന് ചങ്ങനാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിൽ ഏറ്റെടുത്ത് റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ്, എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, എസ്‌സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.





