25 June, 2026 08:44:45 PM
പൊൻകുന്നത്ത് വൻ ലഹരിവേട്ട; ചങ്ങനാശ്ശേരി സ്വദേശികൾ പിടിയിൽ

കോട്ടയം : ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട പൊൻകുന്നത്ത്. 250 ഗ്രാം മാരക ലഹരി മരുന്നായ എംഡിഎംയുമായി രണ്ടുപേരെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേരെയാണ് 250 ഗ്രാം എംഡി എം എ യുമായി പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29) പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ നിബിൻ എൻ ബി (38) എന്നിവരെയാണ് സാഹസികമായി വാഹനം തടഞ്ഞ് പിടികൂടിയത്. കോട്ടയം ഡാൻസാഫ് ടീം, പൊൻകുന്നം പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊൻകുന്നം ഗവൺമെൻ്റ് സ്കൂളിന് സമീപത്ത് വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടയുകയായിരുന്നു. തുടർന്ന് പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ മറ്റൊരു വാഹനമിട്ട് തടഞ്ഞാണ് പിടികൂടിയത്. രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന എം ഡി എം എ സമീപത്തെ വർക്ക് ഷോപ്പിൽ വാഹനം എത്തിച്ചാണ് കണ്ടെടുത്തത്.
ബാംഗ്ലൂരിൽ നിന്ന് ചങ്ങനാശ്ശേരിയിൽ ചില്ലറ വില്പനനയ്ക്കായി കൊണ്ടു പോവുകയായിരുന്നു എംഡിഎംഎ എന്ന് പോലീസ് പറഞ്ഞു. ഇതിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുന്നതാണ്. പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും, അടിപിടി കേസിലും പ്രതിയാണ്.






