01 July, 2026 12:50:46 PM
ചങ്ങനാശ്ശേരിയിൽ പൊതുവഴിയരികിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ പൊതുവഴിയരികിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. ചങ്ങനാശ്ശേരി ഫാത്തിമാപുരം ജംഗ്ഷന് സമീപമുള്ള റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ലഹരി മരുന്നുകൾക്കെതിരെയുള്ള 'ഓപ്പറേഷൻ തണ്ടർ' പരിശോധനകളുടെ ഭാഗമായി കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
എക്സൈസ് ഇന്റലിജൻസ് ഓഫീസർ ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി എക്സൈസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഫാത്തിമാപുരം ജംഗ്ഷനിൽ പരിശോധന നടത്തിയത്. റോഡരികിൽ വേരോടു കൂടിയ നിലയിൽ വളർന്നുനിന്ന ചെടിക്ക് ഏതാണ്ട് 32 സെന്റീമീറ്റർ നീളമുണ്ട്. ഇത് കഞ്ചാവ് ചെടി തന്നെയാണെന്ന് എക്സൈസ് സംഘം സ്ഥിരീകരിച്ചു. ഈ പ്രദേശത്ത് നേരത്തെ ഇത്തരത്തിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.






