31 July, 2026 06:52:30 PM
ചങ്ങനാശ്ശേരിയിൽ ജർമൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ക്ഷേത്രക്കുളത്തിൽ വീണ് മലയാളി യുവാവ് മരിച്ചു. ജർമൻ ഭാഷ പഠിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി ജോസ്‌വിൻ മാത്യു (23) ആണ് പെരുന്ന ക്ഷേത്രക്കുളത്തിൽ വീണു മരിച്ചത്. ആലക്കോട് പഞ്ചായത്ത് മുൻ അംഗം മാത്യു പുതിയേടത്തിന്റെ മകനാണ് ജോസ്‌വിൻ.
ഇന്ന് അവധി ദിനമായതിനെ തുടർന്ന് പുറത്തു നടക്കാൻ ഇറങ്ങിയതായിരുന്നു ജോസ്‌വിൻ. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം രണ്ട് മാസം മുൻപാണ് ജോസ്‌വിൻ ജർമനിയിലേക്ക് പോകാനുള്ള ഭാഷാ പഠനത്തിനായി ചങ്ങനാശ്ശേരിയിൽ എത്തിയത്. ഇവിടെയുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു പഠനം.






