06 August, 2026 07:22:31 PM
പ്രകൃതിക്ഷോഭം; ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകും-മന്ത്രി എ.പി. അനിൽകുമാർ

കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ. ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയായിരുന്നാലും അർഹതയുണ്ടെങ്കിൽ സഹായം ലഭിക്കും. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയവർക്കും 10,000 ധനസഹായം നൽകാൻ സർക്കാർ തീരുമാനമുണ്ട്. അർഹരായ ഒരാൾക്കും സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൂർണമായും തകർന്ന വീടുകളും ഭാഗികമായി തകർന്ന വീടുകളും ഉൾപ്പെടെ എല്ലാ നഷ്ടങ്ങളും കൃത്യമായി രേഖപ്പെടുത്തും.
നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്ത് ഒഴുക്കു വർധിപ്പിക്കുന്ന നടപടികൾ മഴയ്ക്ക് ശേഷം ആരംഭിക്കും. 2018ലെ പ്രളയത്തിന് ശേഷം സ്വീകരിച്ച നടപടികളുടെ ഫലപ്രാപ്തി വിശദമായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മന്ത്രി ക്യാമ്പുകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് വിലയിരുത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവർ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പുകളിലെ ഭക്ഷണം, കുടിവെള്ളം, ചികിത്സ, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
ചങ്ങനാശേരി ളായിക്കാട് സെൻറ് ജോസഫ്സ് എൽ.പി. സ്‌കൂൾ, ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച റവന്യൂമന്ത്രി അന്തേവാസികളുമായി സംവദിച്ചു. വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി, തഹസിൽദാർമാരായ സാജൻ സി. വർഗീസ്, എബി ഏബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു.






