06 September, 2026 08:49:58 PM


ചങ്ങനാശ്ശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ വീട് കേന്ദ്രീകരിച്ച് നടന്ന വൻ ചീട്ടുകളി കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തി ജില്ലാ പോലീസ് സംഘം. ചീട്ടുകളി സംഘത്തിൽ ഉൾപ്പെട്ട 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 1.42 ലക്ഷം രൂപയും ചീട്ട് കളി കളത്തിൽ നിന്നും പിടിച്ചെടുത്തു.

കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ് ആഷാദിന്റെ നിർദേശപ്രകാരം, ചങ്ങനാശ്ശേരി എസ് എച്ച് ഒ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡൻസാഫ് സംഘവും, ചങ്ങനാശ്ശേരി എസ് ഐ അഖിൽ വിജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ നിയാസ് എം എ, കലേഷ്, ജൂഡ് ജോസ്, അനൂപ് ബാലൻ, അനന്ദു എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

ചങ്ങനാശ്ശേരി അങ്ങാടി ഭാഗം നിജോഷ് തോമസ് (45) , ചങ്ങനാശ്ശേരി വണ്ടിപ്പേട്ട സ്വദേശികളായ ദിവാൻജി (39) , , ദിവാകർ (32), മുണ്ടക്കയം സ്വദേശി സുൾഫിക്കർ അലി (57) , ഈരാറ്റുപേട്ട സ്വദേശി ഹഫീസ് മീരാൻ (67) , ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി മനോജ് മനോഹരൻ (45), ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് മാർട്ടിൻ മാത്യു (51) , കായംകുളം സ്വദേശി അൻഷാദ് എ (37) , ആലപ്പുഴ താമരക്കുളം ഷാജി എസ് (54), ആലപ്പുഴ തലവടി രജികുമാർ എം ആർ (46), ചങ്ങനാശ്ശേരി ചീരംചിറ വിഷ്ണു ഷാജി (31) , ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശി അലൻ തോമസ് (29) എന്നിവരെയാണ് പിടികൂടിയത്. പ്രതികൾക്കെതിരെ ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K