28 September, 2026 10:09:07 AM


ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു



തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഞായറാഴ്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അടക്കം ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍ലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തല തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തത് സ്വാഭാവികമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നായിരുന്നു നിജേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. ഉമേഷ് പിടിക്കപ്പെടും എന്ന് അറിയുന്നവരാണ് തിരിച്ചെടുക്കലിന് സംവിധാനം ഒരുക്കിയത്.

കോഴിക്കോട് യുഡിഎഫിന് 13 ല്‍ 12 സീറ്റും ലഭിച്ചത് ഇതുപോലെ ജനാധിപത്യ വിരുദ്ധരെ സംരക്ഷിക്കാനല്ല. ചേവായൂര്‍ ബാങ്ക് തെരഞ്ഞടുപ്പിനിടെ ഉണ്ടായ അക്രമത്തില്‍ തല്ലുകൊണ്ട പലരും എംഎല്‍എയായപ്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. ചേവായൂര്‍ ബാങ്ക് അക്രമത്തില്‍ എസ്ഐടി ഒരു യോഗം പോലും ചേരാതിരുന്നത് കാക്കിക്ക് കാക്കിയോടുള്ള സ്നേഹം കൊണ്ടായിരുന്നുവെന്നും നിജേഷ് അരവിന്ദ് വിമര്‍ശിച്ചിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഡിവൈഎസ്പി ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തത്. വകുപ്പുതല അന്വേഷണത്തിന് ശേഷം തിരിച്ചെടുത്തുവെന്നായിരുന്നു ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞത്. സര്‍വീസിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ നടപടി.

2025 നവംബര്‍ 30നായിരുന്നു വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശനത്തിന് പിന്നാലെയായിരുന്നു സസ്പെന്‍ഷന്‍ നടപടി. റെയ്ഡിനിടെ പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാല് യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം. 2025 ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929