29 September, 2026 09:36:00 AM


മൂവാറ്റുപുഴയിൽ കടയുടെ ലിഫ്റ്റ് പൊട്ടിവീണ് 19-കാരനായ ജീവനക്കാരൻ മരിച്ചു



മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ 'മുള്ളുംപുറം സ്റ്റോഴ്സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അക്ഷയ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് സ്ഥാപനത്തിന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. വെള്ളൂർക്കുന്നത്തുള്ള മുനിസിപ്പൽ ബിൽഡിങ്ങിലെ കടയിലെ ജീവനക്കാരനായ അക്ഷയ്, മുകൾ നിലകളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന സാധനങ്ങൾ എടുക്കാനായാണ് ഗോഡൗണിലേക്ക് എത്തിയത്. ഗോഡൗണിൽ ആവശ്യമുള്ള സാധനം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് അക്ഷയ് കടയിലേക്ക് ഫോൺ വിളിച്ച് വിവരമറിയിച്ചിരുന്നു. തുടർന്ന് മറ്റൊരു ജീവനക്കാരൻ അവിടെ എത്തിയപ്പോഴാണ് അക്ഷയ് നിലത്തു വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ സാരമായ പരിക്കാണ് മരണകാരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295