30 September, 2026 01:08:09 PM


വൈകീട്ട് 6 മുതല്‍ രാവിലെ 6വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം



കട്ടപ്പന: ഇടുക്കിയുടെ വനാതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ വൈകീട്ട് ആറു മണി മുതല്‍ രാവിലെ ആറു മണി വരെ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം. രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

ചിന്നക്കനാലില്‍ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ചിന്നക്കനാലില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

അതേസമയം ആളുകള്‍ രാത്രി പുറത്തിറങ്ങരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തിനെതിരെ സിപിഎം രംഗത്തെത്തി. രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ കലക്ടറുടെ നടപടി പ്രാകൃതമായ നിലപാടാണ്. ജനവാസങ്ങളിലേക്ക് വരുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിന് പകരം ജനങ്ങള്‍ മാറണമെന്നാണ് കലക്ടര്‍ പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടുമെന്നും സിവി വര്‍ഗീസ് പറഞ്ഞു. കലക്ടറുടെ നിര്‍ദേശത്തെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വിമര്‍ശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913