27 November, 2026 07:03:12 PM


ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു



കോട്ടയം: പട്ടികവർഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്താകെ 250 ഒഴിവുകളുണ്ട്. നഴ്‌സിങ്/ഫാർമസി/മറ്റ് അംഗീകൃത പാരാമെഡിക്കൽ ബിരുദ യോഗ്യതയുള്ളവർക്ക് 150 ഒഴിവും, ജി.എൻ.എം./എ.എൻ.എം./മറ്റ് അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 100 ഒഴിവുമാണ്.

സർക്കാർ/ഡി.എം.ഇ./സർവകലാശാലകൾ അംഗീകരിച്ച നഴ്‌സിങ്/ഫാർമസി/മറ്റ് അംഗീകൃത പാരാമെഡിക്കൽ ബിരുദമോ ഡിപ്ലോമയോ ബന്ധപ്പെട്ട കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 21-35 വയസ്സ്. പ്രതിമാസ ഹോണറേറിയം; ബിരുദ യോഗ്യതയുള്ളവർക്ക് 18,000 രൂപയും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 15,000 രൂപയുമാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. ഒരാൾക്ക് ഒന്നിലധികം ജില്ലകളിൽ അപേക്ഷ നൽകാനാകില്ല.

അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസ്, പുഞ്ചവയൽ, മേലുകാവ്, വൈക്കം എന്നിവിടങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, വകുപ്പിന്റെ വെബ്‌സൈറ്റ് (www.stdd.kerala.gov.in) എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04828 202751.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304