01 February, 2016 03:40:01 PM


ഏറ്റുമാനൂരമ്പലത്തിലെ പ്രദക്ഷിണ ക്രമം

വില്ലുകുളത്തിൽ കുളിച്ചു ശുദ്ധിയോടെ കൊടിമരച്ചോട്ടിലെത്തണം അവിടെ അഷ്ടദിക് പതികളെ പ്രണമിക്കണം .പിന്നീട്  ക്ഷേത്രത്തിൽ പ്രവേശിച്ചു വലിയ വിളക്കിൽ എണ്ണയൊഴിച്ച് തിരി തെളിച്ചു വലിയ ബലിക്കല്ലിന്റെ  അരികിലൂടെ ദർപ്പ- ചിത്രഗുപ്തർ കാവൽ നിൽക്കുന്ന  പൂർവ്വകവാടം കടക്കണം.മുന്നിൽ  കാണുന്ന വെള്ളോട്ടിലും കരിങ്കല്ലിലുമുള്ള  വൃഷഭ വിഗ്രഹങ്ങളെ തൊട്ടു തൊഴണം. മണ്ഡപത്തിൽ വടക്കു പടിഞ്ഞാറു ശ്രീ ഭദ്രകാളിയെ തൊഴുതു കഴിഞ്ഞു  ശ്രീകോവിലിന്റെ വടക്ക് ഭാഗത്തുള്ള ശാസ്താവിനെ വന്ദിക്കണം.
തുടർന്ന് മണ്ഡപത്തിൽ  വടക്കു കിഴക്കുള്ള തൂണിലെ യക്ഷി -രൂപവതി -യെ തൊഴണം. അതിനു ശേഷം ഏറ്റുമാനൂരപ്പന്റെ മുമ്പിലെത്തി തിരുനട വിലങ്ങാതെ വശം ചെരിഞ്ഞു നിന്നു  പ്രാർത്ഥിക്കണം . തിരിച്ചു യക്ഷിയമ്മ, ശ്രീ ഭദ്രകാളി, വൃഷഭവിഗ്രഹങ്ങളിങ്ങനെ മണ്ഡപം ചുറ്റി തൊഴുതു തെക്കേ നടയിലെത്തണം. അവിടെ ദക്ഷിണാമൂർത്തിയേയും കന്നിമൂലയിലെ ഗണപതി യേയും സപ്ത മാത്രുക്കളെയും  തൊഴുതു  പാർവതീസ്മരണയോടെ  കിഴക്കേനടയിലെ നിലവിളക്കിനു മുമ്പിൽ തൊഴണം. ഓവു മുറിക്കാതെ നടന്നു നിർമ്മാല്യശിവനെ നമിച്ചുകൊണ്ട് കിഴക്ക് , തെക്കു നടകൾ കഴിഞ്ഞു ഏറ്റുമാനൂരപ്പന്റെ സോപനനടയിൽ എത്തണം.ഇങ്ങനെ മൂന്നു പ്രദക്ഷിണം (അപ്രദക്ഷിണം) ചെയ്തു പുറത്തിറങ്ങി കൊടിമരച്ചോട്ടിലെത്തണം. തുടർന്നു ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴുതിറങ്ങി നാഗസന്നിധിയിലും തൊഴുതു വീണ്ടും കൊടിമരച്ചോട്ടിലെത്തി  വന്ദിച്ചു പുറത്തേക്കു പോകണം .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K