10 February, 2016 08:20:54 PM


വേലകളി കാട്ടാമ്പാക്ക് കരക്കാരുടെ അവകാശം



ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ വേലകളി കാട്ടാമ്പാക്ക് കരക്കാര്‍ക്ക് ഒരു നിയോഗമാണ്. ഏറ്റുമാനൂരപ്പന്‍ കാട്ടാമ്പാക്ക് തേവര്‍ത്തുമലയില്‍ സ്വയംഭൂവായി എന്നും അവിടെ മഠത്തില്‍ കുടുംബം വക ക്ഷേത്രത്തില്‍ മുന്നേമുക്കാല്‍ നാഴിക ഇരുന്ന ശേഷം ഏറ്റുമാനൂരിലേയ്ക്ക് പോന്നു എന്നുമാണ് വിശ്വാസം. മഠത്തില്‍ കളരിയിലെ അഭ്യാസികളാണ് അന്ന് ഭഗവാന് അകമ്പടി സേവിച്ചതത്രേ. അതിന്‍റെ പ്രതീകാത്മകമായി ഉത്സവ ദിനങ്ങളില്‍ വേലകളി നടത്താനുള്ള അവകാശം കാട്ടാമ്പാക്ക് കരക്കാര്‍ക്ക് വന്നു ചേരുകയായിരുന്നു.

ഏറ്റുമാനൂരപ്പന് അകമ്പടിയേകിയ കളരിക്കാരെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളാണ് വേലകളിയുടെത്. ചുവന്ന തുണികൊണ്ടുള്ള തലേക്കെട്ടിന് ഉറുമാല്‍ എന്ന് പറയുന്നു. വെള്ളമുണ്ട് പ്രത്യേക രീതിയില്‍ ഉടുത്ത് അതിനു മുകളില്‍ ഡിസൈനോടുകൂടിയ ചുവന്ന തുണി കെട്ടുന്നതാണ് അച്ചടി. കസവോടുകൂടിയ ചുവന്ന തുണി കൈയില്‍ ചെട്ടാനും ഉപയോഗിക്കുന്നു. വേലകളിയ്ക്ക് അകമ്പടിയായി തകിലാണ് മേളം, വാളും (പൊന്തി) പരിചയും  ഏന്തി താളത്തിനൊത്ത് മുന്നേറുന്ന വേലകളിയുടെ ചുവടുകള്‍ക്കും പ്രത്യേകതകളുണ്ട്. 

രണ്ട് മുതല്‍ ഒമ്പതാം ഉത്സവദിവസം വരെ വൈകിട്ട് കാഴ്ചശ്രീബലിയോടനുബന്ധിച്ചാണ് വേലകളി നടക്കുന്നത്. എഴുന്നള്ളി നില്‍ക്കുന്ന ഏറ്റുമാനൂരപ്പന്‍റെ മുന്നില്‍ കുമ്പിടലോടെ ആരംഭിക്കുന്ന ചുവടുകള്‍ക്ക് പതിയെ വേഗതയേറുന്നു.  ഒറ്റ, ഇരട്ടി, പടിവെട്ടം, മാത്ര എന്നിങ്ങനെയുള്ള നാല് ചുവടുകളാണുള്ളത്. പടിഞ്ഞാറെ നടയില്‍ ക്ഷേത്രമൈതാനിയില്‍ നിന്നും ആരംഭിച്ച് ശ്രീകൃഷ്ണന്‍കോവില്‍ വഴി വില്ലുകുളത്തിലെത്തി കുളത്തിനു ചുറ്റും നിന്നുകൊണ്ടുള്ള തുള്ളലിന് കുളത്തില്‍ പടിവെട്ടം എന്നാണ് പറയുക. അവിടെനിന്നും ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തു കൂടി തെക്കേനടയിലെത്തിയാണ് സമാപിക്കുക. 

കാട്ടാമ്പാക്കിലെ ഇരുപതോളം കുടുംബക്കാര്‍ മഠത്തില്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള കളരിയില്‍ വേലകളി അഭ്യസിച്ചു വരുന്നുണ്ട്. അറയ്ക്കല്‍ വിനയരാജാണ് ഇവരുടെ ആശാന്‍. മറ്റ് പല ക്ഷേത്രങ്ങളില്‍ നിന്നും  പ്രതിഫലം വാങ്ങാറുണ്ടെങ്കിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അവകാശമെന്ന നിലയില്‍  വഴിപാടായാണ് വേലകളി നടത്തുന്നതെന്ന് വിനയരാജ് പറഞ്ഞു. കാട്ടാമ്പാക്കില്‍ വേലകളി അഭ്യസിക്കുന്ന  എല്ലാവരുംതന്നെ ഏറ്റുമാനൂരില്‍ പങ്കെടുക്കുവാന്‍ ശ്രദ്ധിക്കാറുമുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K