19 August, 2019 08:26:47 AM


സിറോ മലബാര്‍ സഭയുടെ രണ്ടാഴ്ച നീളുന്ന സിനഡ് ഇന്നു കൊച്ചിയില്‍ തുടങ്ങും; വര്‍ധിച്ച അല്‍മായ പങ്കാളിത്തം ശ്രദ്ധേയമാകും


uploads/news/2019/08/330322/syro-malabar..jpg


കൊച്ചി : സിറോ മലബാര്‍ സഭയുടെ രണ്ടാഴ്ച നീളുന്ന സിനഡ് ഇന്നു കൊച്ചിയില്‍ ആരംഭിക്കുമ്പോള്‍ വര്‍ധിച്ച അല്‍മായ പങ്കാളിത്തം ശ്രദ്ധേയമാകും. അല്‍മായ നേതാക്കള്‍ക്കു സിനഡില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും കഴിയും. പ്രത്യേക സാഹചര്യം പരിഗണിച്ചു കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സിനഡാണ് അല്‍മായര്‍ക്കു കൂടുതല്‍ പങ്കാളിത്തം പ്രഖ്യാപിച്ചത്.

മുമ്പും അല്‍മായര്‍ക്ക് സിനഡില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്ക് അവസരം നല്‍കുന്നത് ഇതാദ്യമാണ്. വത്തിക്കാനില്‍ മാര്‍പാപ്പ വിളിച്ചുകൂട്ടുന്ന സിനഡിന്റെ മാതൃകയില്‍ ഇത്തവണ കര്‍ശനമായ നിയന്ത്രണത്തോടെയാണു സിനഡ് ചേരുക. മെത്രാന്മാര്‍ക്ക് സിനഡിന്റെ സമയം കഴിഞ്ഞ് പുറത്തുപോകാനോ ബാഹ്യമായ ചടങ്ങുകളില്‍ പങ്കെടുക്കാനോ നിയന്ത്രണമുണ്ട്.

മരണാവശ്യങ്ങള്‍ പോലുള്ള ഘട്ടങ്ങള്‍ ഉണ്ടായാല്‍ സിനഡിന്റെ പ്രത്യേകാനുമതിയോടെ മാത്രം പുറത്തുപോകാം. സിനഡ് ചേരുന്ന സ്ഥലത്ത് സന്ദര്‍ശകരെ അനുവദിക്കില്ല. രാവിലെയും ഉച്ചക്കുശേഷവുമുള്ള രണ്ടു സെഷനുകളായാണു സാധാരണ സിനഡ് നടക്കുക. രാത്രി സെഷന്‍ കൂടുന്ന പതിവില്ല.

വത്തിക്കാനില്‍ സിനഡ് ചേരുമ്പോള്‍ മെത്രാന്മാര്‍ക്ക് ബാഹ്യ ഇടപെടലുകള്‍ക്ക് നിയന്ത്രണമുണ്ട്. കൊച്ചി സിനഡും ഇത്തവണ ഈ മാതൃക പിന്തുടരും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണു സിനഡ് ചേരുന്നതെങ്കിലും ഓരോ സെഷനിലും വ്യത്യസ്ഥ മോഡറേറ്റര്‍മാര്‍ സിനഡിനെ നിയന്ത്രിക്കും. അതതു വിഷയങ്ങള്‍ക്ക് അനുയോജ്യരായവരെ ഇതിനായി നിയോഗിക്കും.

വ്യാജരേഖ വിവാദത്തെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ എറണാകുളം അതിരൂപതയിലെ രണ്ടു സഹായമെത്രാന്മാര്‍ക്കും സിനഡില്‍ പങ്കെടുക്കുന്നതിന് സാങ്കേതിക തടസമില്ല. സസ്‌പെന്‍ഷനുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയംസന്ദര്‍ശിച്ച മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനോടും മാര്‍ ജോസ് പുത്തന്‍വീട്ടിലിനോടും അവര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ ശിക്ഷാ നടപടിയല്ല എന്നു സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സിനഡില്‍ പങ്കെടുക്കാനുംവോട്ട് ചെയ്യാനുമുള്ള അവകാശം വിരമിച്ച മെത്രാന്മാര്‍ക്കുമുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K