25 February, 2020 10:11:38 AM


ഏഴരപൊന്നാനകളുടെ നാട്ടിൽ ഉത്സവനാളുകൾ; മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി



ഏറ്റുമാനൂര്‍: ഏഴരപൊന്നാനകളുടെ നാട്ടിൽ ഇനി ഉത്സവനാളുകൾ. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച രാവിലെ 8.35 ന് കൊടിമരചുവട്ടില്‍ ആരംഭിച്ച ചടങ്ങുകളെ തുടര്‍ന്ന് നടന്ന കൊടിയേറ്റിന്  തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി വാരിക്കാട് കേശവന്‍ സത്യേഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരുടെയും ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തില്‍ നടന്ന മേജര്‍സെറ്റ് പഞ്ചവാദ്യത്തിന്‍റെയും അകമ്പടിയോടെ കൊടിയേറ്റ് നടന്നപ്പോള്‍ ഭക്തജനങ്ങള്‍ പഞ്ചാക്ഷരമന്ത്രം ഉരുവിട്ടും വെറ്റിലപറപ്പിച്ചും ഉത്സവത്തെ വരവേറ്റു.


ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം മാര്‍ച്ച് 3നാണ്. 5ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രണ്ടാം ദിവസമായ ബുധനാഴ്ച മുതല്‍ ഒമ്പതാം ദിവസം വരെയാണ് ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ഉത്സവബലിദര്‍ശനം. നാളെ രാത്രി പന്ത്രണ്ടിനാണ് കൊടിക്കീഴില്‍ വിളക്ക്.

ഉത്സവപരിപാടികള്‍ നാളെ


രാവിലെ 5.00: പ്രഭാതകീര്‍ത്തനം, 7.00: ശ്രീബലി, 10.00: ഓട്ടന്‍തുള്ളല്‍ - സന്തോഷ് പാലാ, 10.45 ഭരതനാട്യം, 11.00: സംഗീതസദസ്സ്,  12.00 ഭക്തിഗാനസുധ, 1.00: ഉത്സവബലിദര്‍ശനം, നാമഘോഷം, 2.00 ഭക്തിഗാനമേള, 3.00 സംഗീതസദസ്, 4.00 തിരുവാതിരകളി, വൈകിട്ട് 5.00: കാഴ്ചശ്രീബലി - വേല, സേവ, 8.30: നൃത്തവിസ്മയം - ചലച്ചിത്രതാരം ഐശ്വര്യ രാജീവ്, 9.30: നൃത്തനൃത്യങ്ങള്‍ - വിദ്യാ വിനോദ്, 11.00 ഡാന്‍സ് - വിദ്യാ വിജയന്‍, 12.00: കോടിക്കീഴില്‍ വിളക്ക്, മേജര്‍ സെറ്റ് പഞ്ചവാദ്യം - കുടമാളൂര്‍ മുരളീധരന്‍മാര്‍ & പാര്‍ട്ടി, 2.00 നൃത്ത നാടകം (അഗ്നിമുദ്ര) - തിരുവനന്തപുരം വൈഗാ വിഷന്‍.


Share this News Now:
  • Google+
Like(s): 2.6K