06 October, 2016 03:14:25 PM


നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായിവിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തിലുള്ള നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. എസ്.എന്‍.സി.എസ്, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി എന്നീ സംഘടനകളുടെ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസം തുടങ്ങി. കേരളീയ സമാജത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഈ മാസം ഒമ്പതിന് എട്ടുമണിക്ക് നടക്കുന്ന പഞ്ചരത്നകീര്‍ത്തനാലാപനത്തോടെ തുടക്കമാകും. തുടര്‍ന്ന് സമാജം അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്ത-നൃത്യങ്ങളും അരങ്ങേറും.  


പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജയചന്ദ്രനും സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറുമാണ് സമാജത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിജയദശമി ദിനമായ ഒക്ടോബര്‍ 11ന് പുലര്‍ച്ചെ നാലര മണിമുതല്‍ എഴുത്തിനിരുത്തല്‍  ചടങ്ങ് ആരംഭിക്കും. 13ന് രാത്രി എട്ടു മണിക്ക് ജയചന്ദ്രനും കാവാലം ശ്രീകുമാറും ചേര്‍ന്ന് 'രാഗോത്സവം' എന്ന പേരില്‍ സംഗീത വിരുന്നും സംഘടിപ്പിക്കും.  ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം വയലിനിലും ആദിച്ചനല്ലൂര്‍ അനിര്‍കുമാര്‍ ഘടത്തിലും രാജേഷ് നാഥ് മൃദംഗത്തിലും അകമ്പടി സേവിക്കും. 


ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് എഴുത്തിനിരുത്താനുള്ള അവസരം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ക്ക്  സമാജം ഓഫിസില്‍  പേര് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ സമാജം വെബ്സെറ്റില്‍ (http://www.bksbahrain.com) ലഭ്യമാണ്. നവമിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശമുണ്ടാകും.  വിവരങ്ങള്‍ക്ക്  സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തന്‍ വേലിക്കര (39168899), കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി (39848091),ഹരികൃഷ്ണന്‍ (36691405) എന്നിവരുമായി ബന്ധപ്പെടാം. 


എസ്.എന്‍.സി.എസിലെ നവരാത്രി ആഘോഷങ്ങള്‍ക്ക്  കഴിഞ്ഞ ദിവസം വൈകീട്ട് സല്‍മാനിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തുടക്കമായി. ചെയര്‍മാന്‍ കെ.വി.പവിത്രന്‍ കൊടിയേറ്റം നടത്തി. ടേണ കോണ്‍ട്രാക്ടിങ് പഴ്സണല്‍ മാനേജര്‍ ഖലീഫ അല്‍സഅദ് ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ സ്വാഗതം ആശംസിച്ചു. നവരാത്രി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഷാജി കാര്‍ത്തികേയന്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ രാജന്‍ ഡി.പണിക്കര്‍ നന്ദി രേഖപ്പെടുത്തി. പ്രശസ്ത മലയാള കവി പ്രഫ.മധുസൂദനന്‍ നായരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. 
ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നവരാത്രി മഹോത്സവം കാനൂഗാര്‍ഡനിലെ സംഘടനയുടെ ആസ്ഥാനത്താണ് നടക്കുന്നത്. 


എല്ലാദിവസും രാത്രി 7.30 മുതല്‍ വിശേഷാല്‍ പൂജയും ദേവീകീര്‍ത്തനാലാപനവും ഉണ്ടായിരിക്കും. വിജയദശമി നാളില്‍ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരും. മഹാനവമി നാളില്‍ വൈകീട്ട് 7.30 മുതല്‍ വേണുഗോപാലും ബഹ്റൈനിലെ കലാകാരന്‍മാരും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും. വിദ്യാരംഭം രജിസ്ട്രേഷന് 39275221, 39452366, 39288886, 34068033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 


കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍െറ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സര്‍വഐശ്വര്യ പൂജയും ഭാഗവത പ്രഭാഷണവും നടക്കും. വിജയദശമി ദിനത്തില്‍ സംസ്കൃത പണ്ഡിതന്‍ ഡോ.കെ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരും. അറാദ് ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് സവിശേഷ പൂജകള്‍ നടക്കുന്നുണ്ട്. വിജയദശമി നാളില്‍ പ്രഭാഷകനായ സാബു ശംഭു നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും. Share this News Now:
  • Google+
Like(s): 687