22 March, 2019 01:40:03 PM


ലൈസന്‍സില്ലാതെ ഓടിച്ച ബൈക്ക് അഗ്നിക്കിരയായി: ഉടമസ്ഥര്‍ മുങ്ങി; പരിഭ്രാന്തരായി നാട്ടുകാരും



ഏറ്റുമാനൂര്‍: പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ ഓടിച്ചുവന്ന ബൈക്കിന് തീ പിടിച്ചത് നാട്ടില്‍ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ മാരിയമ്മൻ കോവിലിന് സമീപം ബൈക്കിന് തീ പിടിച്ച പിന്നാലെ സ്ഥലം വിട്ട  ഇരുവരെയും ചുറ്റിപ്പറ്റി പ്രചരിച്ച കഥകള്‍ക്ക് അന്ത്യം കുറിച്ചത് രണ്ട് പേരും പോലീസ് പിടിയിലായതോടെ. അജ്ഞാതരായ രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അഗ്നിക്കിരയാക്കി എന്നായിരുന്നു ആദ്യം വാര്‍ത്ത പ്രചരിച്ചത്. ഇതേ നിലപാടില്‍ പോലീസും അന്വേഷണം ആരംഭിച്ചു. വൈകിട്ടോടെ സ്ഥലം വിട്ട രണ്ട് പേരും പോലീസ് കസ്റ്റഡിയിലായപ്പോഴാണ് സത്യം പുറത്തുവന്നത്.


ബൈക്ക് സ്വന്തമെങ്കിലും 17 വയസില്‍ താഴെയുള്ള ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഏറ്റുമാനൂര്‍ സ്വദേശികളാണ് ഇരുവരും. ഓടിച്ചു വരവെ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മാരിയമ്മന്‍ കോവിലിന് സമീപത്ത് നിര്‍ത്തി. പെട്രോള്‍ പമ്പിലെത്തി ഇന്ധനവും വാങ്ങി തിരികെയെത്തി ബൈക്കിന്‍റെ ടാങ്കിലേക്ക് പകര്‍ന്നു. തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ സ്പാര്‍ക്ക് പ്ലഗില്‍നിന്നും തീ പടരുകയായിരുന്നു. വെള്ളം വാങ്ങാനോടിയ ഇരുവരും തിരിച്ചെത്തിയപ്പോള്‍ ബൈക്ക് ആളികത്തുന്നതാണ് കണ്ടത്. ലൈസന്‍സില്ലാതെ ഓടിച്ചുവന്നതിനാല്‍ പിടിക്കപ്പെടുമെന്ന ഭയവും കൂടിയായപ്പോള്‍ തങ്ങള്‍ ഓടിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്ന് എസ് ഐ എബി പറഞ്ഞു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K