08 May, 2020 11:53:39 AM


കോട്ടയം പാറമ്പുഴ പള്ളിയില്‍ നിന്ന് 32 ലക്ഷം അപഹരിച്ച കൈക്കാരന്‍ കണ്ണൂരില്‍ പിടിയില്‍



കോട്ടയം: പാറമ്പുഴ ബത്ലഹേം പള്ളിയില്‍ നിന്ന് 32 ലക്ഷം അപഹരിച്ച കൈക്കാരന്‍ കണ്ണൂരില്‍ പിടിയില്‍. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡീജു ജേക്കബ് (45) ആണ് ഗാന്ധിനഗര്‍ പോലീസിന്‍റെ പിടിയിലായത്. 2019 ആഗസ്തില്‍ കൈക്കാരനായി ചാര്‍ജെടുത്ത നാള്‍ മുതല്‍ 2020 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ബാങ്കില്‍ അടയ്ക്കാനുള്ള 31.5 ലക്ഷം രൂപ അടയ്ക്കാതെ അപഹരിച്ചതായാണ് പരാതി. മോഷണം പിടിക്കപ്പെട്ടതോടെ മാര്‍ച്ച് 2ന് നാട്ടില്‍ നിന്നും മുങ്ങിയ ഇയാള്‍ കണ്ണൂര്‍ പയ്യാവൂരില്‍ ഉണ്ടെന്നറിഞ്ഞ് ഗാന്ധിനഗര്‍ പോലീസെത്തി പിടികൂടുകയായിരുന്നു.


കുമാരനല്ലൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ അടയ്ക്കാനായി കൊണ്ടുപോകുന്ന പണം അടയ്ക്കാതെ വ്യാജ സ്റ്റേറ്റ്മെന്‍റ് ഉണ്ടാക്കി പള്ളിയില്‍ നല്‍കികൊണ്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ബാങ്കിന്‍റെ വ്യാജസീലും മറ്റും ഇയാള്‍ ഉണ്ടാക്കിയുിരുന്നുവത്രേ. കഴിഞ്ഞ ജനുവരിയില്‍ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പെയിന്‍റിംഗ് ജോലികള്‍ക്ക് പെയിന്‍റ് വാങ്ങിയ വകയില്‍ കടയിലെത്തിച്ച പണത്തെ സംബന്ധിച്ചുണ്ടായ സംശയമാണ് ഇയാള്‍ പിടിക്കപ്പെടാന്‍ ഇടയായത്.



പെയിന്‍റ് കടയില്‍ നല്‍കാനായി ആദ്യം കൊടുത്തയച്ച പണം ഇയാള്‍ നല്‍കിയിരുന്നില്ല. പിന്നീട് ബാങ്കില്‍ അടയ്ക്കാനായി കൊടുത്തുവിട്ട പത്ത്, ഇരുപത് രൂപയുടെ നോട്ട് കെട്ടുകളടങ്ങിയ തുകയാണ് ഇയാള്‍ കടയില്‍ നല്‍കിയത്. പണം കിട്ടിയെന്നും ചില്ലറയായാണ് കിട്ടിയതെന്നും കടയുടമ പള്ളിയില്‍ അറിയിച്ചതോടെയാണ് മറ്റ് കൈക്കാരന്മാര്‍ ഉള്‍പ്പെടെ കമ്മറ്റിയ്ക്ക് സംശയം ഉദിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ അടയ്ക്കാന്‍ ഇതുവരെ നല്‍കിയ പണം നിക്ഷേപിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. കണക്ക് പരിശോധിച്ചതില്‍ 31.5 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തുകയും ചെയ്തു.


സംഭവം പിടിക്കപ്പെട്ടെന്നായപ്പോള്‍ ഡീജു നാട്ടില്‍ നിന്നും മുങ്ങി. പള്ളി കമ്മറ്റി പരാതിയുമായി പോകുന്നുവെന്നറിഞ്ഞ ഇയാളുടെ വീട്ടുകാര്‍ പണം നല്‍കാമെന്ന് പറഞ്ഞതിനാല്‍ തത്ക്കാലം പുറംലോകത്തെ അറിയിച്ചില്ല. പക്ഷെ പണം തിരികെ അടയ്ക്കാനുള്ള നടപടികള്‍ ഒന്നുമുണ്ടായില്ല. ഇതിനിടെയാണ് കണ്ണൂരില്‍ നിന്നും നാട്ടിലേക്ക് പോരാനായി പാസ് എടുക്കാനുള്ള ശ്രമം ഡീജു നടത്തിയത്. ഇതറിഞ്ഞ ഗാന്ധിനഗര്‍ പോലീസ് കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് പുറപ്പെട്ടു. അവിടെനിന്നും പിടികൂടിയ ഡീജുവിനെ കഴിഞ്ഞ രാത്രിയില്‍ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇയാളെ പള്ളിയില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 20.9K