26 July, 2022 08:57:19 PM


വ്യാജ വിദേശ റിക്രൂട്ട്മെന്‍റ് ഏജൻസികൾക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി പോലിസ്



കോട്ടയം: വിദേശ രാജ്യങ്ങളിലേക്ക് ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾക്കിടയിലേക്ക് നിരവധി തൊഴിലവസരങ്ങൾ വിദേശത്ത് ഉണ്ട് എന്ന് വിശ്വസിപ്പിച്ച്  പണം തട്ടുന്ന വ്യാജ ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലയില്‍ ഇത്തരത്തിലുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. തൊഴിൽ തട്ടിപ്പിന്നിരയായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ലൈസൻസ് ഇല്ലാത്ത നിരവധി ഏജൻസികൾ തൊഴിൽ വാഗ്ദാനം ചെയ്യാൻ ഇക്കാലത്ത് സോഷ്യൽ മീഡിയയാണ് കൂടുതലായി ഉപയോഗിക്കുന്നത്. പലപ്പോഴും ഏജൻസികളും ഉദ്യോഗാർത്ഥികളും നേരിട്ട് കാണാറുപോലുമില്ല. വൻശമ്പളമെന്ന വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപയാണ് ഇവർ വാങ്ങുന്നത്. ഒടുവിൽ വിസ ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്നറിയുന്നതും, പരാതിയായെത്തുന്നതും. കേരളത്തിൽ മൊത്തം 300ഓളം ലൈസൻസ് ഉള്ള വിദേശ റിക്രൂട്ട്മെന്‍റ് ഏജൻസികൾ മാത്രമേ ഉള്ളൂ. എന്നാൽ പല അനധികൃത ഏജൻസികളും ലൈസൻസ് ഉള്ള ഏജൻസികളുടെ ഏജന്‍റുമാരാണ് എന്ന് അവകാശപ്പെട്ടാണ് ആളുകളെ കെണിയിൽ വീഴ്ത്തുന്നത്.

ഏജൻസികളിൽ നിന്ന് വിദേശ തൊഴിൽ വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതിന് മുന്‍പ് പൊതുജനങ്ങൾ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഏജൻസികളുടെ പശ്ചാത്തലം പരിശോധിക്കണം. തൊഴിൽ പ്രതീക്ഷിച്ച്  വിസിറ്റിംഗ് വിസയിൽ വിദേശത്തേക്ക്  പോകുന്നത്  അപകടകരമാണ്. ഇത്തരം വിസകൾക്ക് ഭീമമായ പണമാണ് വാങ്ങുന്നത്. ഇത്തരം വിസയിൽ വിദേശത്ത് ചെന്ന് പറ്റിക്കപ്പെടാറാണ് പതിവ്. ജോബ് വിസയിലോ സ്റ്റുഡന്‍റ് വിസയിലോ വിദേശത്ത് പോകുന്ന ഉദ്യോഗാർത്ഥികളും, വിദ്യാർത്ഥികളും നിങ്ങളുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസി ഗവൺമെന്‍റ് അംഗീകരിച്ച ഏജൻസിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അല്ലെങ്കിൽ ചതിയിൽപ്പെടാൻ സാധ്യതയുണ്ടെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K