27 July, 2025 10:45:02 AM


പുത്തന്‍ ആശയങ്ങളുണ്ടോ?; എംജിയു എക്സ്ചേഞ്ചില്‍ വ്യവസായികള്‍ കാത്തിരിക്കുന്നു



കോട്ടയം: സ്വന്തമായി വികസിപ്പിച്ച ആശയത്തിന്‍റെ സാധ്യതകളില്‍ ആത്മവിശ്വാസമുള്ളവരാണോ നിങ്ങള്‍? ഏതെങ്കിലും വ്യവസായിയുടെ മുന്നില്‍ ഇതൊന്ന് അവതരിപ്പിക്കാന്‍  കഴിഞ്ഞാല്‍ കാര്യങ്ങള്‍ വേറെ ലെവലാകും എന്ന് കരുതുന്നുണ്ടോ? എങ്കില്‍ വ്യവസായികള്‍ നിങ്ങളെ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരിടമുണ്ട്.

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍(ബിഐഐസി) കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന എംജിയു എക്സ്ചേഞ്ചില്‍ എല്ലാ മാസവും ഇതിന് അവസരമുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും തങ്ങളുടെ നൂതന ആശയങ്ങള്‍ വ്യവസായികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാം. ആശയങ്ങളെ  സാങ്കേതിക വിദ്യകളായും ഉത്പന്നങ്ങളായും  സ്റ്റാര്‍ട്ടപ്പുകളായും മാറ്റാനും പേറ്റന്‍റു നേടാനുമുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. 

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമാണ് അവസരം. ക്രിയാത്മകവും പ്രായോഗികവുമായ  ആശയങ്ങളാണ് അവതരിപ്പിക്കേണ്ടത്. പ്രായോഗികത വ്യക്തമാക്കുന്ന ലാബോറട്ടറി പരിശോധനാ ഫലങ്ങളോ പ്രോട്ടോടൈപ്പുകളോ പബ്ലിക്കേഷനുകളോ അഭികാമ്യം. 

എംജിയു എക്സ്ചേഞ്ചിന്‍റെ ആദ്യ മുഖാമുഖം ഓഗസ്റ്റ് 13ന് സര്‍വകലാശാലയില്‍  നടക്കും.https://bit.ly/MGU-Xchange എന്ന ലിങ്കില്‍ ജൂലൈ 29വരെ അപേക്ഷിക്കാം. ഫോണ്‍- 8848875928, 04812733394 ഇമെയില്‍-  biic@mgu.ac.in


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941