11 November, 2022 08:54:35 PM


പൊതുമരാമത്ത് റോഡില്‍ മരണക്കെണി ഒരുക്കി വാട്ടര്‍ അതോറിറ്റി



ഏറ്റുമാനൂര്‍: പൊതുമരാമത്ത് വകുപ്പ് മനോഹരമായി നവീകരിച്ച റോഡ് തലങ്ങും വിലങ്ങും വെട്ടിപൊളിച്ച് ജലവിതരണ അതോറിറ്റി. ഇതോടെ അപകടവും ഏറി. ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ സിയോണ്‍ കവലയ്ക്കു സമീപമാണ് റോഡില്‍ വാട്ടര്‍ അതോറിറ്റി മരണക്കെണിയൊരുക്കിയിരിക്കുന്നത്.


ജലജീവന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ളവിതരണത്തിന് റോഡിനു കുറുകെ പൈപ്പിടാന്‍ എടുത്ത കുഴി നേരാംവണ്ണം മൂടി ടാര്‍ ചെയ്യാത്തത് ഏറെയും കുരുക്കിലാക്കുന്നത് ഇരുചക്രവാഹനങ്ങളെ. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കുഴപ്പവുമില്ലാതെ ഈ വഴി വാഹനമോടിച്ചവര്‍ നിനച്ചിരിക്കാതെയാണ് കുഴിയില്‍ വീണ് മറിയുന്നത്.


കഴിഞ്ഞ ദിവസം അല്‍പ്പം മണ്ണിട്ട് മൂടിയെങ്കിലും മഴയത്ത് അത് കുത്തിയൊലിച്ചുപോയി. പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്തിനിരുവശത്തും ടാറിംഗില്‍ വിള്ളല്‍ വീണ് റോഡ് പൊട്ടിതുടങ്ങിയിട്ടുമുണ്ട്. മഴ കനക്കുന്നതോടെ ഇവിടെ ഒരു ഗര്‍ത്തം തന്നെ രൂപപ്പെട്ടേക്കാം എന്നാണ് നാട്ടുകാരുടെ ആശങ്ക. അങ്ങിനെയെങ്കില്‍ അപകടങ്ങളുടെ പരമ്പരതന്നെയാകും ഇവിടെയുണ്ടാകുക. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K