27 December, 2023 07:50:24 PM


സൈബർ തട്ടിപ്പ്: സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം



തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ  തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ ആസ് എ  വോളണ്ടിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. 

സൈബർ അവയർനെസ്സ് പ്രമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബർ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല. തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ  ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ ഡി.വൈ.എസ്.പിമാർ  പദ്ധതിയുടെ നോഡൽ  ഓഫീസറും സൈബർ  പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ  ഹൗസ് ഓഫീസർമാർ  അസിസ്റ്റന്‍റ് നോഡൽ ഓഫീസറുമായിരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K