05 January, 2024 01:54:27 PM


പി.എം. വിശ്വകർമ്മ പദ്ധതിയിലൂടെ വായ്പയും പരിശീലനവും; രജിസ്റ്റർ ചെയ്യാം



കോട്ടയം: മരപ്പണി, ആയുധനിർമാണം, ലോഹപ്പണി, ശിൽപ നിർമാണം,സ്വർണ്ണം-വെള്ളി പണികൾ, മൺപാത്രനിർമാണം, കൊത്തുപണി, അലക്ക്, തയ്യൽ തുടങ്ങി 18 തൊഴിൽവിഭാഗങ്ങളിലെ കരകൗശലവിദഗ്ദ്ധർക്കും തൊഴിലാളികൾക്കും പിന്തുണ നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പി.എം. വിശ്വകർമ്മ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഗുണഭോക്താക്കൾക്ക് പ്രതിദിനം 500 രൂപ സ്‌റ്റൈപ്പന്റോടുകൂടി അഞ്ച്-ഏഴു ദിവസത്തെ അടിസ്ഥാനപരിശീലനവും 15 ദിവസത്തെ നൂതനപരിശീലനവും 1000 രൂപ യാത്രാചെലവും ലഭിക്കും. തുടക്കത്തിൽ ഇ-വൗച്ചറുകളുടെ സഹായത്തോടെ 15,000 രൂപ വരെ ടൂൾകിറ്റ് ഇൻസെന്റീവ് നല്കും. അഞ്ചു ശതമാനം പലിശനിരക്കിൽ മൂന്നുലക്ഷം രൂപവരെ രണ്ടു ഘട്ടങ്ങളിലായി ഈടില്ലാത്ത എന്റർപ്രൈസ് ഡെവലപ്മെന്റ് വായ്പയും ലഭിക്കും. 18-30 മാസമാണ് വായ്പാ കാലാവധി. ഒരു ഡിജിറ്റൽ ഇടപാടിന് ഒരു രൂപ നിരക്കിൽ മാസം പരമാവധി 100 ഡിജിറ്റൽ ഇടപാടുകൾ നടത്താൻ പ്രോത്സാഹനം നല്കുന്നു. ഓരോ ഡിജിറ്റൽ ഇടപാടിനും ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഈ തുക ലഭിക്കും. ജെം, ഒ.എൻ.ഡി.സി. തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മാർക്കറ്റിംഗ് പിന്തുണയും ലഭിക്കും.


രജിസ്‌ട്രേഷനുള്ള യോഗ്യത: രജിസ്റ്റർ ചെയ്യാനുളള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഗുണഭോക്താക്കൾക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ പിഎംഇജിപി, പിഎം സ്വാനിധി, മുദ്ര അല്ലെങ്കിൽ സ്വയംതൊഴിൽ  ബിസിനസ് വികസനത്തിനായുള്ള മറ്റു സമാന സർക്കാർ സ്‌കീമുകൾക്ക് കീഴിൽ വായ്പ ലഭിച്ചിരിക്കരുത്. മുദ്ര, സ്വാധിനി വായ്പ പൂർണമായി തിരിച്ചടച്ചവർക്ക് പദ്ധതി പ്രയോജനപ്പെടുത്താം. രജിസ്ട്രേഷനും ആനുകൂല്യങ്ങളും കുടുംബത്തിലെ ഒരാൾക്ക് മാത്രമാണ് ലഭിക്കുക. സർക്കാർ ജോലിയുള്ളവരും അവരുടെ കുടുംബാംഗങ്ങളും പദ്ധതിയിൽ ചേരാൻ പാടില്ല.
എങ്ങനെ രജിസ്റ്റർ ചെയ്യാം?: ആധാർ, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ(അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി. കോഡ്, ബാങ്കിന്റെ പേര്), റേഷൻകാർഡ്, റേഷൻകാർഡ് ഇല്ലെങ്കിൽ കുടുംബത്തിലെ എല്ലാവരുടെയും ആധാർ തുടങ്ങിയ രേഖകളുമായി അടുത്തുള്ള സി.എസ്.സി. ഡിജിറ്റൽ സേവാ കേന്ദ്രത്തെ രജിസ്‌ട്രേഷനായി സമീപിക്കാം. രജിസ്ട്രേഷൻ സൗജന്യം. വെബ്സൈറ്റ്: pmvishwakarma.gov.in ഹെൽപ് ലൈൻ:180026777 ഹെൽപ് ഡെസ്‌ക്: pm-vishwakarma@dcmsme.gov.in വിശദവിവരത്തിന് എം.എസ്.എം.ഇ -ഡി.എഫ്.ഒ തൃശൂർ, കാഞ്ഞാണി റോഡ്, അയ്യന്തോൾ പി.ഒ, തൃശൂർ, ഇ-മെയിൽ:dcdi-thrissur@dcmsme.gov.in , ഫോൺ: 0487-2360686,2360536,8330080536. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസർ, പഞ്ചായത്തുകളിലെ സംരംഭക വികസന എക്‌സിക്യൂട്ടീവ് എന്നിവരിൽനിന്നും വിവരങ്ങൾ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K