10 February, 2024 01:44:56 PM


മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വയ്ക്കും- മന്ത്രി ശശീന്ദ്രന്‍



വയനാട്: മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ നാലര മണിയോടെയാണ് താന്നിക്കൽ മേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന കണ്ടത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ തുരത്താനുള്ള ശ്രമം നടക്കുകയായിരുന്നു. 

6:30 ഓടെ കുറുക്കന്മൂല ഭാഗത്തും 7 മണിയോടെയാണ് പടമലയിലുമെത്തി. ഇതിനിടെ അജീഷ് ആനയുടെ മുന്നിൽപ്പെട്ടു. ആനയെ കണ്ട് രക്ഷപ്പെടാനായി കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് അജിഷ് ചാടിക്കയറി. പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജിയെ ചവിട്ടിയ ശേഷം കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആനയുടെ ആക്രമണത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി മുൻസിപ്പാലിറ്റിയിലെ നാല് വാർഡുകളിലാണ് 144 പ്രഖ്യാപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K