22 February, 2024 07:11:19 PM


100 കുടുംബങ്ങൾക്ക് സ്നേഹ വീടൊരുക്കി എം.ജി. സർവകലാശാലയിലെ എൻ.എസ്.എസ്



കോട്ടയം: നിർധന കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ സ്നേഹവീട് പദ്ധതിയിൽ മഹാത്മാ ഗാന്ധി സർവകലാശാല ഇതുവരെ ഒരുക്കിയത് നൂറു വീടുകൾ. ഇതിൽ പത്തു വീടുകളുടെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഇന്നലെ സർവകലാശാലയിൽ നടന്ന എൻ.എസ്.എസ് സംഗമത്തിൽ നിർവഹിച്ചു. സംസ്ഥാന തലത്തിൽ ആയിരം വീടുകൾ നിർമിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും ഈ വർഷം ജൂലൈ മാസത്തിനുള്ളിൽ മുന്നൂറു വീടുകൾ ഒരുക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന സർവകലാശാല പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

ഇത്രയും കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്നതിലൂടെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരും അവരെ ഏകോപിപ്പിക്കുന്ന അധ്യാപകരും വലിയ സാമൂഹിക ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. ഇതിൽതന്നെ മൂന്ന് വനിതാ കോളജിലെ വോളണ്ടിയർമാർ ചേർന്ന് അൻപതിലധികം കുടുംബങ്ങൾക്ക് വീടു നൽകുന്നത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായി മന്ത്രി പറഞ്ഞു. 

വിവിധ കോളജുകളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ എട്ടു ലക്ഷം രൂപ വരെ ചിലവിട്ടാണ് 500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾ ഒരുക്കുന്നത്. എൻ.എസ്.എസ് വോളണ്ടിയർമാർ ശ്രമദാനത്തിലൂടെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സാമ്പത്തിക സഹായത്തോടെ എൻ.എസ്.എസ് ഒരുക്കിയ 215 സ്നേഹാരാമങ്ങളുടെ സമർപ്പണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പൊതു ഇടങ്ങൾ ശുചീകരിച്ച് ഏറ്റവുമധികം സ്നേഹാരാമങ്ങൾ ഒരുക്കിയത് എം.ജി. സർവകലാശാലയിലെ എൻ.എസ്.എസാണ്.

എൻ.എസ്.എസ് യൂണിറ്റുകൾക്ക് 2022-23ലെ പ്രവർത്തന മികവിനുള്ള പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു.  കോട്ടയം സി.എം.എസ് കോളജിനാണ് ഒന്നാം സ്ഥാനം. തേവര എസ്.എച്ച് കോളജ് രണ്ടാം സ്ഥാനം നേടി.  സെന്റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്റ് കുറുപ്പുംപടിക്ക് ബെസ്റ്റ് എമർജിംഗ് യൂണിറ്റ് പുരസ്‌കാരം ലഭിച്ചു. സാമൂഹിക സുസ്ഥിരതയ്ക്ക് നാഷണൽ സർവീസ് സ്‌കീം ചെയ്യുന്ന സേവനങ്ങൾ സ്തുത്യർഹമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സഹകരണ, തുറുമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണൻ, ഡോ. ബിജു തോമസ്, എ. ജോസ്, ഡോ. എസ്. ഷാജിലാ ബീവി, ബിജു പുഷ്പൻ, ബാബു മൈക്കിൾ, എൻ.എസ്.എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ആർ.എൻ. അൻസർ, കൊളീജിയറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. പ്രഗാഷ്, സർവകലാശാലാ രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ, ജില്ലാ കോ-ഓർഡിനേറ്റർ കെ.ആർ. അജീഷ് വകുപ്പ് മേധാവികൾ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ, നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K