29 June, 2025 07:31:31 PM
പുതുപ്പള്ളി തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോക്‌സ് പള്ളിയിൽ മോഷണം

പുതുപ്പള്ളി: പുതുപ്പള്ളി തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോക്‌സ് പള്ളിയിൽ മോഷണം. പള്ളിയിലെ ഓഫിസ് മുറിയും, വൈദികന്റെ മുറിയും കുത്തിത്തുറന്ന മോഷ്ടാവ് ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണതാലികൾ കവർന്നു. പള്ളിയിൽ അടക്കിയ സ്ത്രീകളുടെ സ്വർണ താലികളാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നത്. ഇതാണ് മോഷ്ടാവ് കവർന്നത്. പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്ന സ്റ്റോർ മുറിയിൽ നിന്നും തൊഴിലാളിയുടെ മുണ്ടും കവർന്നു. ഈ മുണ്ട് പിന്നീട് പള്ളിയുടെ ശവക്കോട്ടയിൽ നിന്നും കണ്ടെത്തി.
ഞായറാഴ്ച പുലർച്ചെ പ്രാർത്ഥനകളുടെ ഭാഗമായി പള്ളി തുറക്കാൻ എത്തിയ കപ്യാരാണ് വൈദികന്റെ മുറി തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് പള്ളി സെക്രട്ടറിയെ ഫോണിൽ വിളിച്ചു വരുത്തി. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഓഫിസ് മുറിയും സമാന രീതിയിൽ കുത്തിത്തുറന്നതായി കണ്ടെത്തിയത്. തുടർന്ന് രാത്രി തന്നെ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. ഇതിന് ശേഷം രാവിലെ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ പള്ളിയിൽ എത്തി. തുടർന്ന് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തും സംഘവും സ്ഥലത്ത് എത്തി.