06 September, 2025 06:01:59 PM
സഹകരണ അംഗസമാശ്വാസ പദ്ധതി: ജില്ലാതല സഹായ വിതരണം തിങ്കളാഴ്ച മന്ത്രി വാസവൻ നിർവഹിക്കും

കോട്ടയം: സഹകരണ അംഗസമാശ്വാസ പദ്ധതി ജില്ലാതല സഹായവിതരണം ഉദ്ഘാടനം തിങ്കളാഴ്ച (സെപ്റ്റംബർ 8) ഉച്ചയ്ക്ക് രണ്ടു മണിക്ക് കോട്ടയം സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളുടെ ഗുരുതരരോഗങ്ങൾ ബാധിച്ചവരും ശയ്യാവലംബരുമായ അംഗങ്ങൾക്ക് ആശ്വാസമായി അൻപതിനായിരം രൂപ വരെ സഹായമായി സഹകരണ വകുപ്പ് അനുവദിക്കുന്ന പദ്ധതിയാണ് അംഗ സമാശ്വാസ പദ്ധതി. ജില്ലയിലെ 43 പ്രാഥമിക സഹകരണസംഘങ്ങളിലുളള 162 അംഗങ്ങൾക്കായി അനുവദിച്ച 36.60 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. പ്രവർത്തനത്തിൽ മികവ് പുലർത്തിയ സഹകരണ സംഘങ്ങളെ ചടങ്ങിൽ മന്ത്രി ആദരിക്കും.
സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ. എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നിർവഹിക്കും. സർക്കിൾ സഹകരണ യൂണിയൻ അധ്യക്ഷരായ അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, റ്റി. സി. വിനോദ്, ജെയിംസ് വർഗീസ്, ജില്ലാ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ജോയിൻ്റ് രജിസ്ട്രാർ പി.പി. സലിം, ഡെപ്യൂട്ടി രജിസ്ട്രാർ കെ.സി. വിജയകുമാർ, സഹകരണ സംഘം ഭാരവാഹികളായ വി. എം. പ്രദീപ്, കെ. ജെ. അനിൽകുമാർ, സി.ജെ.ജോസഫ് എന്നിവർ പങ്കെടുക്കും.