25 September, 2025 07:29:47 PM
കോരുത്തോട് ഗ്രാമപഞ്ചായത്തിൽ ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിക്ക് തുടക്കം

കോട്ടയം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മേൽനോട്ടത്തിൽ തനത് ഉൾനാടൻ മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനും എണ്ണം വർധിപ്പിക്കുന്നതിനുമുള്ള ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിക്ക് കോരുത്തോട് ഗ്രാമപഞ്ചായത്തിൽ തുടക്കം. കുഴിമാവ് കടവിൽനിന്ന് അഴുതയാറ്റിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ജാൻസി അധ്യക്ഷത വഹിച്ചു.
ജൈവവൈവിധ്യ ബോർഡിൽ നിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മഞ്ഞക്കൂരി, വരാൽ, അനാബസ്, നാടൻ മുഷി എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് അഴുതയാറ്റിൽ നിക്ഷേപിച്ചത്. ഊത്തപിടിത്തത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും മത്സ്യങ്ങൾ നശിപ്പിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. പം.