07 November, 2025 06:51:20 PM
സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിംഗ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കോട്ടയം: 'സ്വച്ഛതാ ഗ്രീന്‍ ലീഫ്' റേറ്റിംഗില്‍ മികവു പുലര്‍ത്തിയ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ വിതരണം ചെയ്തു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും ടൂറിസം വകുപ്പും ചേര്‍ന്നു നടത്തുന്ന പദ്ധതിയില്‍ ഗ്രാമങ്ങളിലെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആതിഥേയ സ്ഥാപനങ്ങളായ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍ തുടങ്ങിയവയുടെ ശുചിത്വ സൗകര്യങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്.
അഞ്ചോ അതിലധികമോ മുറികള്‍ താമസത്തിന് വാടകയ്ക്ക് നല്‍കുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവയെയാണ് റേറ്റിംഗിന് പരിഗണിച്ചത്. ശുചിത്വ ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. ജില്ലയില്‍ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് ഫൈവ് ലീഫ് റേറ്റിങ്ങും 15 സ്ഥാപനങ്ങള്‍ക്ക് ത്രീ ലീഫ് റേറ്റിങ്ങും ആറ് സ്ഥാപനങ്ങള്‍ക്ക് വണ്‍ ലീഫ് റേറ്റിങ്ങും ലഭിച്ചു. കളക്ട്രേറ്റ് വിപഞ്ചിക ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, അസിസ്റ്റന്റ് ഡയറക്ടറും ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ലക്ഷ്മി പ്രസാദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സി. ശ്രീലേഖ, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്, ശുചിത്വ മിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അക്ഷയ് സുധര്‍ എന്നിവര്‍ സംസാരിച്ചു.






