13 November, 2025 06:48:21 PM


തദ്ദേശതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ



കോട്ടയം: തദ്ദേശ സ്വയംഭരണ ​തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത മാർഗനിർദേശങ്ങളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചരണം മുതൽ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം എന്ന്  കമ്മിഷൻ നിർദ്ദേശിച്ചു.  പ്രചരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, പോസ്റ്ററുകൾ എന്നിവയിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ്  സർട്ടിഫൈ ചെയ്ത പേപ്പർ, നൂറ് ശതമാനം കോട്ടൺ, ലിനൻ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുകൾ ഉപയോഗിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ പാടില്ല.പ്രചരണ വസ്തുക്കളിൽ ക്യു ആർ കോഡ് പി.വി.സി ഫ്രീ ലോഗോ, പ്രിന്റുറുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികൾ ശേഖരിക്കാനോ, അച്ചടിക്കാനോ പാടില്ല.

റാലികൾ, കൺവെൻഷനുകൾ, പദയാത്രകൾ പരിശീലനങ്ങൾ തുടങ്ങിയ പ്രചരണ പരിപാടികളിൽ തെർമോക്കോൾ, സ്റ്റിറോഫോം, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, ഡിസ്‌പോസിബിൾ പാത്രങ്ങൾ പാടില്ല. ഭക്ഷണം വാഴയിലയിലോ സ്റ്റീൽ, സെറാമിക് പാത്രങ്ങളിലോ നൽകണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്‌സൽ കവറുകളും പാടില്ല. പോളിംഗ് ബൂത്തുകളിൽ സ്റ്റീൽ, ഗ്ലാസ് കപ്പുകളിൽ വെള്ളം നൽകണം. ഭക്ഷണ വിതരണം പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലാകണം. മാത്രമായിരിക്കണം.

വോട്ടർമാർ വോട്ടർ സ്ലിപ്പുകൾ പോളിംഗ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കരുത്; പ്രത്യേക ബിന്നുകളിൽ നിക്ഷേപിക്കണം.വോട്ടെണൽ കേന്ദ്രങ്ങളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കണം.

പ്രചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വോട്ടെടുപ്പ് കഴിഞ്ഞ് ഉടൻതന്നെ ഹരിത കർമ്മ സേനയ്ക്ക്  നൽകണം. നിർദിഷ്ട സമയത്തിനുള്ള നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ അവ നീക്കം ചെയ്ത് സ്ഥാനാർഥികളിൽ നിന്ന് ചെലവ് ഈടാക്കണം. റാലികൾ, റോഡ് ഷോ തുടങ്ങിയ പ്രചരണ പരിപാടികൾക്ക് ശേഷം സ്ഥലങ്ങൾ വൃത്തിയാക്കേണ്ട ചുമതല പരിപാടി നടത്തിയ രാഷ്ട്രീയ പാർട്ടികൾക്ക് ആയിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913