24 July, 2026 08:40:17 PM
കാപ്പ നിയമപ്രകാരം യുവാവിന് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം

കോട്ടയം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഉൾപ്പെട്ടതായി കണ്ടെത്തിയ മണർകാട് വില്ലേജിലെ പ്രിൻസ് മാത്യുവിനെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) വകുപ്പ് 15(1)(a) പ്രകാരം ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. മണർകാട് വില്ലേജിൽ കുഴിപ്പുരയിടം കര, തടത്തിമാക്കിൽപടി ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ കൊച്ചുമോന്റെ മകൻ പ്രിൻസ് മാത്യുവിനെതിരെ എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉത്തരവ് 2026 ജൂലൈ 23-ന് നടപ്പിലാക്കി.
ഉത്തരവ് പ്രകാരം 2026 ജൂലൈ 23 മുതൽ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ പ്രിൻസ് മാത്യുവിന് പ്രവേശിക്കാൻ സാധിക്കില്ല. സഞ്ചാര നിയന്ത്രണ കാലയളവിൽ ഇയാൾ മുൻകൂർ അനുമതിയില്ലാതെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നുണ്ടോയെന്നും, ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്നും പോലീസ് നിരീക്ഷണം ശക്തമാക്കും. ഉത്തരവിന്റെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കാപ്പ നിയമപ്രകാരവും മറ്റ് ബാധകമായ നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.





