24 July, 2026 08:50:36 PM


കാപ്പാ ഉത്തരവ് ലംഘിച്ച കഞ്ചാവ് കേസ് പ്രതിക്ക് 6 മാസത്തെ കരുതൽ തടങ്കൽ



കോട്ടയം: കേരള പോലീസിന്റെ സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ ദൗത്യമായ *'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്'*ന്റെ ഭാഗമായി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അശ്വിൻ എ., സരസ്വതി വിലാസം ഹൗസ്, നരിമറ്റം ടെമ്പിൾ ഭാഗം, തിരുവഞ്ചൂർ, മണർകാട് വില്ലേജ്, കോട്ടയം ജില്ല എന്നയാളെ PITNDPS Act, 1988 പ്രകാരം ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അശ്വിൻ എ.ക്കെതിരെ നേരത്തെ തന്നെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 (കാപ്പ ) പ്രകാരം ബഹു. എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് നടപടി സ്വീകരിച്ചിരുന്നു. കാപ്പ നിയമത്തിലെ 15(1)(b) വകുപ്പ് പ്രകാരമുള്ള ഉത്തരവനുസരിച്ച്, പ്രസ്തുത നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഉത്തരവ് ലംഘിക്കുന്നതിൽ നിന്നും പ്രതിയെ വിലക്കിയിരുന്നു.

എന്നാൽ ഈ ഉത്തരവ് നിലവിലിരിക്കെ പ്രതിയുടെ കൈവശത്ത് നിന്ന് 3.75 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ്  എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ കാപ്പ ഉത്തരവിലെ നിബന്ധനകൾ പ്രതി ലംഘിച്ചതായി കണ്ടെത്തി.

തുടർന്ന്, പ്രതിയുടെ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളിൽ തുടർച്ചയായ പങ്കാളിത്തം കണക്കിലെടുത്ത് PITNDPS Act, 1988-ലെ വകുപ്പ് 3(1) പ്രകാരം ആറുമാസത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് നടപ്പിലാക്കി അയർക്കുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാക്കി.

മയക്കുമരുന്ന് മാഫിയക്കെതിരായ ശക്തമായ നടപടികൾ തുടർന്നും കർശനമായി നടപ്പാക്കുമെന്നും, 'ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്' ദൗത്യത്തിന്റെ ഭാഗമായി ലഹരി കടത്ത്, സംഭരണം, വിതരണം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ നിയമത്തിന്റെ പരമാവധി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി സാബു മാത്യു കെ എം ഐപിഎസ്. അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915