29 July, 2026 07:34:35 PM
സൈ ഹണ്ട് 3.0: കോട്ടയം ജില്ലയിൽ വ്യാപക പരിശോധന; 14 കേസുകൾ രജിസ്റ്റർ ചെയ്തു

കോട്ടയം: സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈ ഹണ്ട് 3.0യുടെ ഭാഗമായി 2026 ജൂലൈ 28-ന് രാവിലെ 6.30 മുതൽ വൈകിട്ട് 7.30 വരെ കോട്ടയം ജില്ലയിൽ വ്യാപക പരിശോധന നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് തട്ടിപ്പ് കേസുകളിലും എടിഎം പിൻവലിക്കൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെട്ടതായി കണ്ടെത്തിയ ബാങ്ക് അക്കൗണ്ട് ഉടമകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രാവിലെ 6.30-ന് ആരംഭിച്ച പരിശോധന വൈകിട്ട് 7.30-നാണ് അവസാനിച്ചത്.
പരിശോധനയുടെ ഭാഗമായി ഏറ്റുമാനൂർ, വൈക്കം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ, പാലാ, തിടനാട്, ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ 9മ്യൂൾ അക്കൗണ്ട് ഉടമകളുടെ വീടുകളിൽ പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 9 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ എടിഎം പിൻവലിക്കൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ്, കുമരകം, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ 5 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കിടെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്ന് 3 സ്മാർട്ട് ഫോണുകൾ, 1 ടാബ്, 2 ഹാർഡ് ഡിസ്കുകൾ, 2 പെൻഡ്രൈവുകൾ, 5 എടിഎം കാർഡുകൾ എന്നിവ കസ്റ്റഡിയിലെടുത്തു.
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം തട്ടിപ്പുകളിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ഇത്തരം പരിശോധനകൾ തുടർന്നും ശക്തമായി നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.





