05 August, 2026 08:06:23 PM


മെഡിക്കൽ പ്രവേശനം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതിക്ക് 3 വർഷം കഠിനതടവും പിഴയും



കോട്ടയം: മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച്  21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ  തിരുവല്ല, കാവുംഭാഗം,പഴയ ചിറ വീട്ടിൽ ചാക്കോ മകൻ ബിനു ചാക്കോ (50) ന്  മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–3- അനന്തകൃഷ്ണൻ എസ്. ആണ് ശിക്ഷ വിധിച്ചത്.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിലാണ് വിധി. മകളുടെ എം.ബി.ബി.എസ് പ്രവേശനം എൻ.ആർ.ഐ ക്വാട്ടയിൽ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി പരാതിക്കാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 21 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. പ്രവേശനം ലഭ്യമാക്കാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി നൽകിയ ചെക്കുകളിൽ രണ്ടെണ്ണം മതിയായ തുകയില്ലാത്തതിനാൽ മടങ്ങി. തുടർന്ന് പ്രതി 2.50 ലക്ഷം രൂപ മാത്രം തിരികെ നൽകി.

കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിൽ പരാതിക്കാരന്റെയും പ്രതിയുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ ശേഖരിച്ച് പണമിടപാടുകളുടെ തെളിവുകൾ ഉറപ്പിച്ചു. പ്രതി നൽകിയ ചെക്കുകളും ബാങ്ക് തിരിച്ചുവരവ് മെമ്മോകളും നിയമാനുസൃതമായി പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. പ്രതിയുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിക്കുകയും, അതിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ശേഖരിക്കുകയും ചെയ്തു.

മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട യഥാർഥ നടപടിക്രമങ്ങൾ പരിശോധിക്കുന്നതിനായി അമല മെഡിക്കൽ കോളേജിൽ നിന്ന് ബന്ധപ്പെട്ട രേഖകളും വിവരങ്ങളും ശേഖരിച്ചു. എൻ.ആർ.ഐ ക്വാട്ടയിലെ എം.ബി.ബി.എസ് പ്രവേശനം ഏജന്റുമാർ മുഖേന നേരിട്ട് ക്രമീകരിക്കാൻ സാധിക്കില്ലെന്നും പ്രവേശന കമ്മീഷണറുടെ അലോട്ട്മെന്റ് നടപടിക്രമങ്ങളിലൂടെയാണ് പ്രവേശനം നടക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്ക് ബന്ധപ്പെട്ട മെഡിക്കൽ സ്ഥാപനങ്ങളുമായോ അവയുടെ മാനേജ്മെന്റുമായോ ബന്ധമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണ സംഘം ശേഖരിച്ച ബാങ്ക് രേഖകൾ, ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, പ്രവേശന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ എന്നിവ പ്രോസിക്യൂഷൻ കോടതിയിൽ ഫലപ്രദമായി അവതരിപ്പിച്ചു. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്വേഷണത്തിലൂടെ ശേഖരിച്ച തെളിവുകൾ പരിഗണിച്ച കോടതി, പ്രതി തുടക്കം മുതൽ വഞ്ചനാപരമായ ഉദ്ദേശ്യത്തോടെയാണ് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയതെന്ന് കണ്ടെത്തി.

കേസിൽ ഇന്ത്യൻ ശിക്ഷാനിയമം 420-ാം വകുപ്പ് പ്രകാരം പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി മൂന്ന് വർഷം കഠിനതടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 60 ദിവസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക ഈടാക്കുന്ന പക്ഷം അത് പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ   സുനീഷ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സബ് ഇൻസ്‌പെക്ടർ . ശ്രീജിത്ത് ടി. സമഗ്ര അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ബാങ്ക് രേഖകൾ, ഡിജിറ്റൽ തെളിവുകൾ, ഔദ്യോഗിക രേഖകൾ, സാക്ഷിമൊഴികൾ എന്നിവ ശാസ്ത്രീയമായി ഏകോപിപ്പിച്ച് കുറ്റം തെളിയിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ സൂക്ഷ്മവും കാര്യക്ഷമവുമായ അന്വേഷണ പ്രവർത്തനങ്ങൾ കേസിന്റെ വിജയകരമായ വിചാരണയ്ക്കും ശിക്ഷാവിധിക്കും നിർണായകമായി.
 പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ്  റോബിൻ കെ നീലിയറ ഹാജരായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947