16 January, 2020 05:32:10 PM


സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് സര്‍ക്കാര്‍ ജോലിക്കായി പഠനം; ഉള്ള ജോലി പോയേക്കും?



തിരുവനന്തപുരം: അവധിയെടുത്ത് കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ് ) പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് സർക്കാര്‍ മുന്നറിയിപ്പ്. അവധിയിൽ ഉള്ളവർ പരീക്ഷ എഴുതിയാൽ അവരെ അയോഗ്യരാക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ താക്കീത് നൽകി.


ഫെബ്രുവരി 22നാണ് കെഎഎസിന്‍റെ പ്രാഥമിക പരീക്ഷ. അസിസ്റ്റന്‍റുമാർ ഉൾപ്പെടെ അമ്പതിലധികം ജീവനക്കാരാണ് അവധിയെടുത്ത് കെഎഎസിനായി തയ്യാറെടുക്കുന്നത്. ഇത് സെക്രട്ടേറിയറ്റിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വിഘാതമുണ്ടാക്കുന്നു. ഈ മാസം അവസാനം നിയമസഭ തുടങ്ങുന്നതും സെക്രട്ടേറിയറ്റിലെ ജോലിഭാരം വർദ്ധിപ്പിച്ചിട്ടുണ്ട്.



സർവീസിലിരിക്കെ ജോലിക്ക് വിഘാതമുണ്ടാക്കുന്ന രീതിയിൽ അവധിയെടുത്ത് മറ്റൊരു ജോലിക്കു ശ്രമിക്കുന്നത് ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയ്ക്ക് തെളിവാണെന്നാണ് പൊതുഭരണ സെക്രട്ടറി പറയുന്നത്. ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.


ഇത്തരം ഒഴിവുകളിൽ പിഎസ് സിക്ക് പുതിയ ജീവനക്കാരെ റിപ്പോർട്ട് ചെയ്യാനുമാകില്ല. പൊതുജനത്തിനു സേവനം നൽകുന്നത് മറന്ന് സ്വന്തം കരിയർ മാത്രം മെച്ചപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുത്സാഹപ്പെടുത്തണം. അതിനാൽ ജോലി ഉപേക്ഷിച്ച് പരീക്ഷയ്ക്കു തയ്യാറെടുക്കുകയോ ലീവ് റദ്ദാക്കി ജോലിയിൽ പ്രവേശിക്കുകയോ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രിക്കു നൽകിയ കുറിപ്പിൽ കെ.ആർ.ജ്യോതിലാൽ വ്യക്തമാക്കുന്നു.


മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ ഇനി നിർണായകമാകുക. അതേസമയം, പൊതുഭരണ സെക്രട്ടറിയുടെ നടപടി ജീവനക്കാരുടെ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സർക്കുലർ അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ നിലപാട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K