25 May, 2022 06:57:44 PM


ആറു ജില്ലകളിലെ ആധാര വിവരങ്ങൾ ഡിജിറ്റലായി - മന്ത്രി വി.എൻ. വാസവൻ

ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾക്കും ഇ-സ്റ്റാമ്പിംഗ്കോട്ടയം: ആധാര വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുന്ന നടപടി ആറു ജില്ലകളിൽ പൂർത്തീകരിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും മാനന്തവാടി, ഉളിയിൽ, തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസുകളുടെ പ്രവർത്തനോദ്ഘാടനവും കോട്ടയത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒരുലക്ഷം രൂപയ്ക്കു താഴെ മുദ്രവില നൽകേണ്ട എല്ലാ ആവശ്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾക്കും ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുകയാണ്. ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാനും ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണത്തിനും സുതാര്യത ഉറപ്പാക്കുന്നതിനും ഇതു സഹായിക്കും. വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഓൺലൈനാക്കുന്നതിലൂടെ അഴിമതിമുക്ത ഓഫീസ് എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാനാകും. ഓൺലൈനിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാകുമ്പോൾ ജനങ്ങൾക്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടേണ്ടതും ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതുമായ സാഹചര്യം ഒഴിവാകും.

രജിസ്‌ട്രേഷൻ വകുപ്പിന് കഴിഞ്ഞവർഷം 1322 കോടി രൂപയുടെ അധിക വരുമാനം നേടാനായി. സംസ്ഥാനത്തിന് 4432 കോടി രൂപയുടെ വരുമാനം നേടിക്കൊടുക്കാൻ രജിസ്‌ട്രേഷൻ വകുപ്പിനായി. ആറുവർഷത്തിനിടെ നേടിയ റെക്കോഡ് വരുമാനമാണിത്. ആധുനികവൽക്കരണവും ജീവനക്കാരുടെ പ്രയത്‌നവുമാണ് നേട്ടം കൈവരിക്കാൻ സഹായിച്ചത്. ആധാരമെഴുത്തുകാരുടെ ജീവനോപാധി സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവൽക്കരണ നടപടികളാണ് വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

മാനന്തവാടി, ഉളിയിൽ, തൃക്കരിപ്പൂർ എന്നീ ഓഫീസുകളുടെ  പ്രവർത്തനോദ്ഘാടനം  ഓൺലൈനായാണ് മന്ത്രി നിർവഹിച്ചത്. ആധാരപ്പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കൽ, മുദ്രപ്പത്രങ്ങൾക്ക് സമ്പൂർണ ഇ-സ്റ്റാമ്പിങ്, കമ്പ്യൂട്ടർ മുഖേന ആധാരം തയാറാക്കൽ എന്നീ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം റീബ വർക്കി, രജിസ്‌ട്രേഷൻ ജോയിന്റ് ഇൻസ്‌പെക്ടർ ജനറൽ പി.കെ. സാജൻ കുമാർ, സി.ഡിറ്റ് രജിസ്ട്രാർ എ.കെ. ജയദേവ് ആനന്ദ്, എൻ.ഐ.സി. സീനിയർ ടെക്‌നിക്കൽ ഡയറക്ടർ പി.കെ. ബഷീർ അഹമ്മദ്, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എം.സി. ബാബു, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.വി. റസൽ, സി.കെ. ശശിധരൻ, എം.ടി. കുര്യൻ, സജി നൈനാൻ, മാത്യൂസ് ജോർജ്ജ്, ജിയാഷ് കരീം, സജി മഞ്ഞക്കടമ്പിൽ, എ.കെ.ഡി.ഡി.ഡ.ബ്ല്യൂ ആൻഡ് എസ്.എ. ജില്ലാ പ്രസിഡന്റ് പി.കെ. അൻസർ, ജില്ലാ രജിസ്ട്രാർ ആർ. ഗോപകുമാർ എന്നിവർ പങ്കെടുത്തു. കേരള കൺസ്ട്രക്ഷൻ കോർപറേഷൻ റീജണൽ മാനേജർ സി. രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

കോട്ടയം കളക്ട്രേറ്റിന് എതിർവശത്ത് 4.45 കോടി രൂപ ചെലവിലാണ് നാലുനിലകളുള്ള രജിസ്‌ട്രേഷൻ കോംപ്ലക്‌സ് നിർമിച്ചത്. 12852 ചതുരശ്രയടിയുള്ള കെട്ടിടത്തിൽ ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഏറ്റവും താഴത്തെ നിലയിൽ ചിട്ടി ഇൻസ്പെക്ടർ, ചിട്ടി ഓഡിറ്റർ ഓഫീസും ബൈൻഡിങ് യൂണിറ്റും പ്രവർത്തിക്കും. ആദ്യ നിലയിൽ അഡീഷണൽ സബ്-രജിസ്ട്രാർ ഓഫീസും രണ്ടാമത്തെ നിലയിൽ ജില്ലാ രജിസ്ട്രാർ ഓഡിറ്റ്, ചിട്ടി ആർബിട്രേറ്റർ ഓഫീസും മൂന്നാമത്തെ നിലയിൽ ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസുമാണ് പ്രവർത്തിക്കുക. കേരള കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമ്മാണച്ചുമതല.


Share this News Now:
  • Google+
Like(s): 3.7K