30 June, 2022 12:34:27 PM


മെത്രാപ്പോലീത്ത സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു



എരുമേലി: എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ചേനപ്പാടി ബിന്ദു ഭവനിൽ ശ്യാം സന്തോഷ് (23),  പൊന്തൻപുഴ കിഴക്കേപറമ്പിൽ രാഹുൽ സുരേന്ദ്രൻ (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിൽ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ശ്യാം സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. രാഹുൽ സുരേന്ദ്രനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു രാവിലെ മരണം സംഭവിച്ചു. 
 
എരുമേലി ഫോറസ്റ്റ് ഓഫീസിന് സമീപം ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ജോഷ്യാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത സഞ്ചരിച്ച ഇന്നോവയും യമഹാ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. എയർബാഗിന്‍റെ ഇടിയിൽ നെഞ്ചിന് പരിക്ക് പറ്റിയ മെത്രോപ്പോലീത്തയുടെ ഡ്രൈവറെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ശ്യാമിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലും, രാഹുലിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K