08 February, 2019 01:19:16 PM


എട്ടുവയസുകാരന്‍ സഖറിയയുടെ ധീരത കുഞ്ഞനുജന് പുതുജീവന്‍ നല്‍കി




അയർക്കുന്നം: എട്ടു വയസുകാരന്‍റെ ധീരത കുഞ്ഞനുജന് പുതുജീവന്‍ നല്‍കി. മീനച്ചിലാറ്റില്‍ മുങ്ങിപൊങ്ങിയ മൂന്ന് വയസുകാരനായ സാമുവലിനെ ചേട്ടന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സഖറിയ കൈപിടിച്ചുകയറ്റിയത് പുതിയൊരു ജീവിതത്തിലേക്ക്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

ആറുമാനൂര്‍ അരങ്ങത്ത് സോജന്‍ സ്കറിയായുടെയും മൃദുലയുടെയും മക്കള്‍ മൂവരും ആറ്റുതീരത്തുള്ള വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇളയ കുട്ടിയായ സാമുവലിനെ പെട്ടെന്ന് കാണാതായത്. സംശയം തോന്നിയ അമ്മ മൃദുലയോടൊപ്പം സഖറിയയും അനുജന്‍ സിറിയക്കും ആറ്റിലെത്തി നോക്കിയപ്പോള്‍ നിലമില്ലാകയത്തില്‍ പൊങ്ങികിടക്കുന്ന സാമുവലിനെയാണ് കണ്ടത്. ഉടന്‍ മറ്റൊന്നും ആലോചിക്കാതെ സഖറിയ ആറ്റിലേക്ക് എടുത്തുചാടി. നീന്തിചെന്ന് അനുജനെ കരയ്ക്ക് വലിച്ചടുപ്പിച്ചു. 


പ്രാഥമികചികിത്സ നല്‍കിയ ശേഷം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബോധം മറഞ്ഞ അവസ്ഥയിലായിരുന്നു സാമുവല്‍. ഇവിടെ നിന്നും കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയ സാമുവല്‍ അപകടനില തരണം ചെയ്ത് ഇപ്പോള്‍ സുഖമായിരിക്കുന്നു. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഖറിയ. സ്ഥിരമായി പുഴയില്‍ കുളിക്കാനിറങ്ങുന്നതിനാല്‍ സഖറിയയും സഹോദരന്മാരും നീന്തല്‍ അഭ്യസിച്ചിട്ടുണ്ടായിരുന്നുവെന്നും അത് അനുഗ്രഹമായി മാറിയെന്നും സോജന്‍ സ്കറിയ പറയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K