17 August, 2020 07:32:03 PM


തൊഴിലന്വേഷകർക്ക് സഹായവുമായി കുടുംബശ്രീയുടെ 'കണക്ട് ടു വർക്ക്‌' പദ്ധതി



കോട്ടയം: അഭ്യസ്തവിദ്യരായ ഐടിഐ, പോളിടെക്നിക്,  ബിരുദ യോഗ്യതയുള്ള യുവതി യുവാക്കൾക്ക്  സഹായവുമായി  കുടുംബശ്രീയുടെ  'കണക്ട് ടു വർക്ക്‌' പദ്ധതി. 18നും 35 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് സോഫ്റ്റ് സ്കിൽ പരിശീലനം നൽകകുകയും  അതുവഴി ജോലി നേടിയെടുക്കാൻ പ്രാപ്തരാക്കുകയുമാണ് കുടുംബശ്രീയുടെ കണക്ട് ടു വർക്ക്‌ പദ്ധതിയുടെ ലക്ഷ്യം.       


 ASAP (അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം - അസാപ്) മായി  സഹകരിച്ചു കോട്ടയം ജില്ലയിലെ 11 ബ്ലോക്കിലെ  തിരഞ്ഞെടുക്കപ്പെട്ട  11 സിഡിഎസ്സികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക്‌ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 33 പേർക്ക് ആദ്യ ഘട്ടത്തിൽ  പരിശീലനം നൽകും.


റീബിൽഡ് കേരളയുടെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന  ഈ പദ്ധതി കേരളത്തിലെ 152 ബ്ലോക്കുകളിലായി 5000 തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധ്യമാകും. എൻട്രപ്രണർ ഷിപ്പ്സ്കിൽ,  സോഷ്യൽ സ്കിൽ, പേർസണൽ സ്കിൽ, ഓർഗനൈസേഷനാൽ സ്കിൽ, പ്രസന്റേഷൻ സ്കിൽ എന്നിവയിൽ തികച്ചു സൗജന്യമായാണ്  പരിശീലനം നൽകുന്നത്. കോവിഡ് പ്രതിസന്ധിക്കു  ശേഷം സർക്കാറിന്‍റെ നിർദേശം വരുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ കോട്ടയം  അസി.  ജില്ലാമിഷൻ കോർഡിനേറ്റർ അരുൺ പ്രഭാകർ അറിയിച്ചു.   


ഈ പരിശീലന പദ്ധതിയിലേക്ക് യോഗ്യരായ  ആളുകളെ  തിരഞ്ഞെടുക്കുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട പരിശീലനത്തിന് അപേക്ഷ സിഡിഎസ് ഓഫീസിൽ സമർപ്പിക്കാം. കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്മെന്‍റ്  സോണിൽ ഉള്ളവർ അപേക്ഷ വാട്സാപ്പ് വഴിയോ (നമ്പര്‍ - 9526203259) ഇമെയിൽ ( spemktm4@gmail.com ) ചെയ്‌തോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോമിനുമായി  അടുത്തുള്ള  കുടുംബശ്രീ ഓഫീസിൽ  ബന്ധപ്പെടുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K