20 February, 2022 06:35:25 PM


അമിത വേഗത്തിലെത്തിയ കാർ സ്‌കൂട്ടറിലും കാറിലും ഇടിച്ച ശേഷം വീടിന്‍റെ മതിലും തകർത്തു



ചങ്ങനാശേരി: കറുകച്ചാൽ റോഡിൽ പെരുമ്പനച്ചിയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും കാറിലും ഇടിച്ച ശേഷം വീടിന്‍റെ മതിൽ ഇടിച്ചു തകർത്തു. അപകടത്തിൽപ്പെട്ട കാറിന്‍റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും കാറിനുള്ളിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നതായും നാട്ടുകാർ ആരോപിച്ചു. കാറോടിച്ച മാമ്മൂട് സ്വദേശിയ്ക്ക് കാലിന് നേരിയ പരിക്കേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ അമിത വേഗത്തിൽ ആദ്യം പെട്രോൾ പമ്പിനു മുന്നിലെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മുന്നിലെ മറ്റൊരു ബൈക്കിൽ ഇടിച്ചു. ഇതേ തുടർന്നു നിയന്ത്രണം നഷ്ടമായ സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ പൂർണമായും തകർന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K