06 March, 2022 11:26:34 AM


ഉത്സവതിരക്കിനിടെ ചീറിപാഞ്ഞ ബൈക്ക് അപകടത്തില്‍പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവതിരക്കിനിടെ എം.സി.റോഡിലൂടെ അപകടകരമാംവിധം ഓടിച്ച ബൈക്ക് അവസാനം അപകടത്തില്‍പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ഏറ്റുമാനൂര്‍ പടിഞ്ഞാറെനടയിലായിരുന്നു അപകടം. റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ ബൈക്ക് യാത്രികരായ മാന്നാനം സ്വദേശി വിഷ്ണു (20), ആര്‍പ്പൂക്കര സ്വദേശി അഖില്‍ (19) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തു.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും എറണാകുളം റൂട്ടില്‍ പോകുകയായിരുന്ന ബൈക്ക് പടിഞ്ഞാറെനടയില്‍ വെച്ച് ഒരു കാറിന്‍റെ ബമ്പറില്‍ തട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍തന്നെ ക്ഷേത്രമൈതാനത്തുനിന്നും എത്തിയ അഭയം ആംബുലന്‍സില്‍ ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ടൗണില്‍നിന്നുമുതലേ അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ മറികടന്ന് അപകടകരമാംവിധമാണ് ഇവര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K