06 March, 2022 01:38:28 PM


കോട്ടയം നഗരമധ്യത്തിൽ സ്ത്രീകൾക്കു നേരെ അക്രമം: ഒരാള്‍ കസ്റ്റഡിയില്‍



കോട്ടയം: നഗരമധ്യത്തിൽ  സ്ത്രീകൾക്കു നേരെ സാമൂഹ്യ വിരുദ്ധന്‍റെ അതിക്രമം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്ത് മൂന്നു പെൺകുട്ടികളെ കടന്നു പിടിച്ച യുവാവിനെ പെൺകുട്ടികളുടെ പരാതിയെ തുടർന്ന് പിങ്ക് പൊലീസും, സ്‌പൈഡർ പെട്രോളിംങ് സംഘവും, കൺട്രോൾ റൂം പൊലീസ് സംഘവും ചേർന്ന് പിടികൂടി വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു  സംഭവം.

തീയറ്റർ റോഡിലൂടെ സിനിമ കാണുന്നതിനായി പോകുകയായിരുന്നു പെൺകുട്ടികൾ. ഈ സമയം തീയറ്റർ റോഡിലൂടെ നടന്നെത്തിയ പ്രതി, പെൺകുട്ടികളോട് മോശമായി കമന്‍റ് ചെയ്യുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇതേ തുടർന്ന്, പെൺകുട്ടികൾ ബഹളം വയ്ക്കുകയും വിവരമറിഞ്ഞ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തുകയും ചെയ്തു.

പെൺകുട്ടികൾക്കൊപ്പം നടന്ന പിങ്ക് പൊലീസ് സംഘം പ്രതിയായ യുവാവിനെ കണ്ടെത്തി. സ്‌പൈഡർ പെട്രോളിംങ് സംഘത്തെയും, പൊലീസ് കൺട്രോൾ റൂം സംഘത്തെയും വിളിച്ചു വരുത്തി ഇവരുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. തുടർ നടപടികൾ പെൺകുട്ടികളുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K