15 April, 2022 10:21:18 AM


യുവതിക്ക് അശ്ലീല സന്ദേശം: യുവാവിനെ മര്‍ദിച്ച കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍



കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻ‍പതാൽ സ്വദേശിയായ 23 വയസ്സുകാരനെ മർദിച്ചെന്ന കേസിൽ പാലാ വള്ളിച്ചിറ മാങ്കൂട്ടത്തിൽ ഫെമിൽ തോമസ് (20), പാലാ മംഗലത്ത് ഇമ്മാനുവൽ ജോസഫ് (21), പാലാ ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേൽ മിഥുൻ സത്യൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവ്‍ ഇൻസ്റ്റഗ്രാമിലൂടെ പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ പരിചയപ്പെടുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. ഈ വിവരം യുവതി ഫെമിലിനെ അറിയിച്ചു. തുടർന്ന് യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയെന്ന വ്യാജേന ഫെമിലും സുഹൃത്തുക്കളും ചേർന്ന് സന്ദേശങ്ങൾ അയച്ചു. നേരിൽ കാണണമെന്നും അറിയിച്ചു.

തുടര്‍ന്ന് ചോറ്റിക്കു സമീപമുള്ള സ്ഥലത്ത് കണ്ടുമുട്ടാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഇവിടെ എത്തിയ യുവാവിനെ മൂവരും ചേർന്ന് കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ചതായി പോലീസ് പറയുന്നു. സംഭവം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടർന്ന് യുവാവിനെ ഇറക്കിയ ശേഷം പാലായിലേക്ക് തിരികെ പോകുന്നതിനിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. വധശ്രമത്തിനു കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K