27 April, 2022 07:04:37 PM


'കഞ്ചാവ് വാങ്ങാൻ' പോലീസെത്തി: രണ്ട് കിലോയോളം കഞ്ചാവുമായി വലയിൽ കുടുങ്ങി രണ്ടു യുവാക്കൾ



കോട്ടയം: കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ മഫ്തി വേഷത്തിൽ എത്തിയ പോലിസിന്റെ വലയിൽ കുടുങ്ങി രണ്ടു യുവാക്കൾ. 1.761 കിലോ കഞ്ചാവുമായി ചേനപ്പാടി പൈക്കാട്ട്  സച്ചു സത്യൻ (22), എരുമേലി പ്രപ്പോസ് കിഴക്കേപ്പറമ്പിൽ ഷിന്റോ ഷാജി (19) എന്നിവരെയാണ് എരുമേലി പോലീസ് പിടികൂടിയത്.

 സച്ചുവിന്‍റെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.  മഫ്തിയിൽ എത്തിയ പോലീസ്കാർക്ക് നൽകാനായി കഞ്ചാവ് എടുത്തു കൊണ്ട് വരുന്നതിനിടെ ഇവരെ പിടികൂടുകയുമായിരുന്നു. കുതറി ഓടാൻ ശ്രമിച്ച ഷിന്റോ ഷാജിയെ ബലമായി കീഴ്പ്പെടുത്തിയാണ് പിടികൂടിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ചിരുന്ന ത്രാസ്, വലിക്കാൻ പ്രത്യേകമായി ഉപയോഗിച്ചിരുന്ന പൈപ്പ് എന്നിവയും കണ്ടെടുത്തു.

ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ  നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. എരുമേലി എസ്.ഐ അനീഷ് എം.എസ്, എസ്.ഐ ഷാബുമോൻ, സിവിൽ പോലിസ് ഓഫിസർമാരായ ശ്രീരാജ്, കൃപ, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, തോംസൺ, ശ്രീജിത്, അജയകുമാർ, അരുൺ, ഷമീർ സമദ്, അനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K