28 April, 2022 10:59:14 AM


ചിങ്ങവനത്ത് കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു



കോട്ടയം : എം.സി റോഡിൽ ചിങ്ങവനം  ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മീൻകടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാർ മീൻകടയും, സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും ഇടിച്ചു തകർത്തു.

കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

മീൻകടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കാറിനും കടയ്ക്കുമിടയിൽ കുടുങ്ങി. നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇതരസംസ്ഥാന തൊഴിലാളിയെ കാറിനടിയിൽ നിന്നും പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ചിങ്ങവനം പൊലീസ് കേസെടുത്തു.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K